
ദില്ലി: ഡീസല്‍ വില വര്‍ധനവില്‍ പ്രതിഷേധിച്ച് ജൂലൈ ഇരുപത് മുതല്‍ അനിശ്ചിതകാല സമരമെന്ന് ചരക്ക് ലോറി ഉടമകളുടെ സംഘടന. എക്സൈസ് നികുതി കുറയ്ക്കും വരെ രാജ്യവ്യാപക സമരം തുടരുമെന്നും സംഘടന വ്യക്തമാക്കി. അതേസമയം ഇന്ധനവില വര്‍ധനവില്‍ കേന്ദ്രസര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി.
പെട്രോള്‍ ഡീസല്‍ വില രാജ്യത്ത് സര്‍വ്വകാല റെക്കോര്‍ഡിലെത്തിയ പശ്ചാത്തലത്തിലാണ് ചരക്ക് നീക്കം സ്തംഭിപ്പിക്കുമെന്ന് ലോറി ഉടമകളുടെ സംഘടന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അടിക്കടി കുതിച്ച് ഉയരുന്ന ഇന്ധനവിലയില്‍ ചരക്ക് നീക്കം വന്‍ നഷ്ടമായെന്ന് ചൂണ്ടികാട്ടിയാണ് അനിശ്ചിതകാല സമരം.
പെട്രോളും ഡീസലും ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരുക, എക്സൈസ് നികുതി കുറയ്ക്കുക, നാല് മാസം കൂടുമ്പോള്‍ മാത്രം വില പുതുക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍. ഇന്ധന വില പിടിച്ച് നിര്‍ത്താന്‍ നടപടി സ്വീകരിക്കുമെന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ ഭുവനേശ്വറില്‍ വ്യക്തമാക്കിയിരുന്നു.
ഒപെക് രാജ്യങ്ങളിലെ ഇന്ധന വില വര്‍ധനവാണ് വില കുതിച്ച് ഉയരാന്‍ കാരണമെന്ന് സര്‍ക്കാര്‍ വിശദീകരിക്കുന്നു. ഇന്ധനവില വര്‍ധവിനെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് ബിജെപി അധ്യക്ഷന്‍ അമിത്ഷാ പ്രതികരിച്ചില്ല. എണ്ണവിലവർദ്ധനവിൻറെ പൂർണ്ണ ഉത്തരവാദിത്വം കേന്ദ്രസർക്കാരിനാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam