അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും ശക്തമായ ഭൂചലനം

By Web DeskFirst Published Apr 10, 2016, 1:26 PM IST
Highlights

അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‍കെയിലില്‍ 6.6 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ പാകിസ്ഥാനില്‍ രണ്ട് പേര്‍ മരിക്കുകയും നാല് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്‍തു. ഇന്ത്യയിലും ഭൂചലനത്തിന്റെ പ്രകമ്പനങ്ങള്‍ അനുഭവപ്പെട്ടു.

ഉച്ചതിരിഞ്ഞ് നാല് മണിയോടെയാണ് അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ നിന്ന് 282 കിലോമീറ്റര്‍ അകലെയുള്ള അഷ്‍കഷം എന്ന പ്രദേശത്ത് ശക്തമായ ഭൂചലനം അനുഭവപ്പെട്ടത്. അഫ്ഗാനിസ്ഥാന്‍ - തജിക്കിസ്ഥാന്‍ അതിര്‍ത്തിയിലുള്ള ഹിന്ദുക്കുഷ് മലനിരകളാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഇതിന്റെ 200 കിലോമീറ്റര്‍ ചുറ്റളവില്‍ ശക്തമായ ഭൂചലനമാണ് ഉണ്ടായത്. പാക്കിസ്ഥാനിലെ പെഷവാര്‍, ചിത്രാല്‍, സ്വാത്, ഗില്‍ജിത്, ഫൈസലാബാദ്, ലാഹോര്‍ എന്നിവിടങ്ങളില്‍ വ്യാപകമായി നാശനഷ്‌ടങ്ങളുണ്ടായി. ഭൂകമ്പത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. നാല് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. കാബൂളിലും ഇസ്ലാമാബാദിലും ആളുകള്‍ വീടുകളില്‍ നിന്നും കെട്ടിടങ്ങളില്‍ നിന്ന് ഇറങ്ങിയോടി. ഉത്തരേന്ത്യയിലും ഭൂചലനത്തിന്‍റെ പ്രകമ്പനം അനുഭവപ്പെട്ടു. ശ്രീനഗര്‍, ചണ്ഡീഗഢ്, ഉത്തരാഖണ്ഡ്, ദില്ലി, നോയ്ഡ, ഗുഡ്‍ഗാവ് എന്നിവിടങ്ങളിലും പ്രകമ്പനങ്ങളുണ്ടായി. പരിഭ്രാന്തരായ ആളുകള്‍ കെട്ടിടങ്ങളില്‍ നിന്നും വീടുകളില്‍ നിന്നും ഓടിയിറങ്ങി

പ്രകമ്പനം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ദില്ലി മെട്രോ സേവനം പത്ത് മിനിറ്റോളം നിര്‍ത്തിവെച്ചു. ഭൂചലനത്തില്‍ ഇന്ത്യയില്‍ നാശനഷ്‌ടങ്ങളോ ആളപായമോ റിപ്പോര്‍ട്ടു ചെയ്‍തിട്ടില്ല.

click me!