
നൈനിറ്റാൾ: പ്രഭാത സവാരിക്ക് പോയ പത്താം ക്ലാസ്സ് വിദ്യാർത്ഥിയെ ജീവനോടെ കത്തിച്ച നിലയിൽ കണ്ടെത്തി. ദിനേഷ് സിംഗ് ബ്രിസ്റ്റ് എന്ന പതിനഞ്ച്കാരനെയാണ് വീട്ടിൽ നിന്നും ഏകദേശം 200 മീറ്റർ അകലെ കത്തിക്കരിഞ്ഞ അവസ്ഥയിൽ കാണപ്പെട്ടത്. മണിക്കൂറുകൾക്ക് മുമ്പാണ് ദിനേഷ് വീട്ടിൽ നിന്നും നടക്കാനായി ഇറങ്ങിയത്. സംഭവത്തിൽ ദൃക്സാക്ഷികളാരുമില്ല. അതുവഴി വന്ന യാത്രക്കാരാണ് ദിനേഷിന്റെ വീട്ടിൽ സംഭവം അറിയിച്ചത്.
വീട്ടുകാരെത്തി റാണിഘട്ടിലെ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ദിനേഷ് മരണത്തിന് കീഴടങ്ങുകയായിരുന്നു. അജ്ഞാതരായ രണ്ടുപേർ വാഹനത്തിലെത്തി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. ഇവർ എവിടെ നിന്നാണ് വന്നതെന്നോ എന്തിനാണ് ഇങ്ങനെ ചെയ്തതെന്നോ വ്യക്തമായിട്ടില്ല. വ്യാഴാഴ്ച നടന്ന സംഭവത്തിൽ ദൃക്സാക്ഷികളാരുമില്ലെന്നതും പൊലീസിനെ കുഴക്കുന്നുണ്ട്. രണ്ട് പേർ തന്റെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു ദിനേഷിന്റെ മരണമൊഴി.
ആത്മഹത്യ ചെയ്യാനുള്ള സാധ്യത മാതാപിതാക്കളും അധ്യാപകരും ഒരുപോലെ തള്ളിക്കളയുന്നു. ശരാശരി വിദ്യാർത്ഥിയായ ദിനേഷ് പൊതുവെ ശാന്തശീലനാണെന്നും ആരോടും വഴക്കുണ്ടാക്കുന്ന പ്രകൃതമല്ലെന്നും അധ്യാപകർ വെളിപ്പെടുത്തുന്നു. ഏതെങ്കിലും തരത്തിലുള്ള ശത്രുതയായിരിക്കാം ഇത്രയും ക്രൂരമായ സംഭവത്തിലേക്ക് എത്തിച്ചതെന്നാണ് പൊലീസിന്റെ അനുമാനം.
ജില്ലയിലെ രണ്ടാമത്തെ സംഭവമാണിത്. കഴിഞ്ഞ വർഷം ഡിസംബറിൽ സമാനമായ രീതിയിൽ രാകേഷ് കൻവാൾ എന്ന പത്താം ക്ലാസ്സുകാരനെ കത്തിച്ച് കൊലപ്പെടുത്തിയിരുന്നു. മുഖംമൂടി ധരിച്ച നാലുപേർ വാഹനത്തിലെത്തി തന്നെ മണ്ണെണ്ണയൊഴിച്ചു തീകൊളുത്തുകയായിരുന്നു എന്നാണ് അന്ന് രാകേഷ് നൽകിയ മൊഴി. സംഭവത്തിന്റെ പിന്നിലെ നിജസ്ഥിതി അന്വേഷിച്ചു കണ്ടെത്തുമെന്ന് പൊലീസ് ഉറപ്പു നൽകി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam