
ദില്ലി: ജവഹർലാൽ നെഹ്റു സർവ്വകലാശാലയിൽ വിദ്യാർത്ഥിനികളെ ലൈംഗികമായി അപമാനിച്ച അധ്യാപകനെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു. ജീവശാസ്ത്ര വിഭാഗം അധ്യാപകനായ അതുൽ ജൊഹ്റിക്കെതിരെ പരാതി നൽകിയിട്ടും നടപടിയെടുക്കുന്നില്ലെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം. അധ്യാപകനെതിരെ ദില്ലി വനിതാ കമ്മീഷനിലും ഇന്ന് പരാതി നൽകുമെന്ന് വിദ്യാർത്ഥികൾ പറയുന്നു.
ജെ.എൻ.യുവിലെ ജീവശാസ്ത്ര വിഭാഗത്തിലെ അധ്യാപകനായ അതുൽ ജൊഹ്റി വിദ്യാർത്ഥിനികളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. പഠിപ്പിക്കുന്നതിനിടയിൽ വിദ്യാർത്ഥിനികളുടെ വസ്ത്രധാരണത്തെപ്പറ്റി മോശമായി സംസാരിച്ചെന്നും അപമര്യാദയായി സ്പർശിച്ചെന്നും വിദ്യാർത്ഥികൾ പറയുന്നു. അധ്യാപകനെതിരെ പൊലീസിൽ പരാതി നൽകി നാല് ദിവസം കഴിഞ്ഞിട്ടും നടപടിയെടുത്തില്ലെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു. അധ്യാപകനെ സസ്‍പെന്റ് ചെയ്യുന്നതുവരെ ക്ളാസുകൾ ബഹിഷ്കരിച്ച് പ്രതിഷേധിക്കാനാണ് വിദ്യാർത്ഥികളുടെ തീരുമാനം. പരാതി നൽകിയവരുടെ പഠനത്തിന് തടസ്സം വരാതെ ഗവേഷണത്തിന് മേൽനോട്ടം വഹിക്കാൻ മറ്റൊരു അധ്യാപകനെ നിയമിക്കണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നു.
വിദ്യാർത്ഥികളുടെ പ്രതിഷേധം ശക്തമായതോടെ സർവ്വകലാശാലയിലെ ഔദ്യോഗിക ചുമതലകളിൽ നിന്ന് രാജി വെച്ച ജൊഹ്റി ഒളിവിലാണ്. ചോദ്യം ചെയ്യുന്നതിനതിനായി ഇന്ന് ഹാജരാകാൻ അധ്യാപകനോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam