
പാറ്റ്ന: മാര്‍ക്ക് കുറഞ്ഞ് പോയതിനാല്‍ ആത്മഹത്യ ചെയ്യാനും മറ്റും ശ്രമിക്കുന്നവര്‍ അതൊക്കെ അവസാനിപ്പിച്ച് നേരെ ബീഹാറിലേക്ക് വച്ച് പിടിച്ചോ. നിങ്ങള്‍ ആഗ്രഹിക്കുന്നത് 100ല്‍ 100 മാര്‍ക്കാണെങ്കില്‍ ബീഹാര്‍ സ്കൂള്‍ എക്സാമിനേഷന്‍ ബോര്‍ഡ് 100ല്‍ 150 മാര്‍ക്ക് വേണമെങ്കില്‍ തരും, അത്ര സ്നേഹമുള്ളവരാണ് പരീക്ഷകളുടെ മൂല്യ നിര്‍ണയം നടത്തുന്നതെന്ന് സാരം. ബീഹാറില്‍ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫലം വന്നതോടെയാണ് സംഭവം പുറത്ത് വന്നത്.
കുറച്ച് വിദ്യാര്‍ഥികള്‍ക്ക് ആകെ മാര്‍ക്കിനനെക്കാള്‍ കൂടുതല്‍ ലഭിച്ചപ്പോള്‍ എഴുതാത്ത പരീക്ഷകള്‍ക്ക് പോലും മാര്‍ക്കിട്ട് ബോര്‍ഡ് പുതിയ മാതൃകകള്‍ സൃഷ്ടിച്ചു. ബീഹാറിലെ അര്‍വാള്‍ ജില്ലയില്‍ നിന്നുള്ള ഭീം കുമാറാണ് പരീക്ഷ ബോര്‍ഡിന്‍റെ ബംബര്‍ സമ്മാനം ലഭിച്ച ഒരാള്‍. ഭീമിന് കണക്ക് പരിക്ഷയില്‍ 35ല്‍ 38 മാര്‍ക്ക് നേടാനായി. കൂടാതെ കണക്കിന്‍റെ തന്നെ ഒബ്ജക്ടീവ് ചോദ്യങ്ങളുടെ പരീക്ഷയില്‍ 35ല്‍ 37ഉം കിട്ടി. മാര്‍ക്ക് കണ്ട് തന്‍റെ കണ്ണ് പോലും തള്ളി പോയെന്നാണ് ഭീം പറയുന്നത്.
അത് പോലെ തന്നെ ഈസ്റ്റ് ചാംപാരണില്‍ നിന്നുള്ള സന്ദീപ് രാജിനെയും ബോര്‍ഡ് വല്ലാതെ അങ്ങ് ഉയര്‍ത്തി. ഫിസിക്സ് പരീക്ഷയില്‍ 35 മാര്‍ക്കിലാണ് പരീക്ഷയെങ്കില്‍ സന്ദീപിന് 38 മാര്‍ക്കാണ് ലഭിച്ചത്. ഫിസിക്സിന് റെക്കോര്‍ഡ് മാര്‍ക്ക് കൊടുത്തപ്പോഴാകട്ടെ ഇംഗ്ലീഷിനും ഹിന്ദിക്കും വട്ടപൂജ്യം നല്‍കി എട്ടിന്‍റെ പണി കൂടെ സന്ദീപിന് നല്‍കി. വെെശാലിയില്‍ നിന്നുള്ള ജാന്‍വി സിംഗിനോട് ബോര്‍ഡിന് എന്തെന്നില്ലാത്ത സ്നേഹമാണ്. ബയോളജി പരീക്ഷ എഴുതിയിട്ടില്ലെങ്കിലും ജാന്‍വി പാവമല്ലെ, ബോര്‍ഡ് അങ്ങ് 18 മാര്‍ക്ക് നല്‍കി വിട്ടു.
ഇതു പോലെ സത്യ കുമാറിനും എഴുതാത്ത പരീക്ഷയുടെ മാര്‍ക്ക് ലഭിച്ചതിന്‍റെ ഞെട്ടലിലാണ്. 2016 രാജ്യത്തിന്‍റെ മുഴുവന്‍ ശ്രദ്ധയാകര്‍ഷിച്ചിട്ടുള്ള പരീക്ഷ ബോര്‍ഡാണ് ബീഹാറിലേത്. പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് ലഭിച്ച വിദ്യാര്‍ഥികളോട് മാധ്യമങ്ങള്‍ അടിസ്ഥാന ചോദ്യങ്ങള്‍ പോലും ചോദിച്ചപ്പോള്‍ സ്ഫടികത്തിലെ ചാക്കോ മാഷ് പറയും പോലെ 'ബ്ബബ്ബബ്ബബ്ബ' ആയിരുന്നു മറുപടി. ഇത് വിവാദമായതോടെ 14 പേര്‍ക്കായി വീണ്ടും പരീക്ഷ നടത്തി. ഇതില്‍ ഒന്നാം റാങ്കുകാരി പങ്കെടുത്തില്ല. ഇങ്ങനെ ഒന്നിലേറെ സംഭങ്ങളില്‍ ബീഹാര്‍ പരീക്ഷ ബോര്‍ഡ് തലവെച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam