വിദേശികള്‍ വിസാ കാലാവധിക്കുള്ളില്‍ തിരിച്ചുപോയില്ലെങ്കില്‍ സ്പോണ്‍സര്‍ക്കെതിരെ നടപടി

By Web DeskFirst Published Dec 12, 2017, 12:29 AM IST
Highlights

ജിദ്ദ: വിദേശികള്‍ വിസാകാലാവധിക്കുള്ളില്‍ തിരിച്ചു പോയില്ലെങ്കില്‍ സ്‌പോണ്‍സര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സൗദി പാസ്‌പോര്‍ട്ട്‌ വിഭാഗം. ആശ്രിത വിസയില്‍ എത്തുന്നവരുടെ വിദേശികളായ സ്‌പോണ്‍സര്‍മാര്‍ക്കും ഇത് ബാധകമായിരിക്കും. സൗദിയില്‍ എത്തുന്ന വിദേശികള്‍ വിസാ കാലാവധിക്കകം തിരിച്ചു പോയില്ലെങ്കില്‍ ശക്തമായ നടപടിയെടുക്കും. ഇതിനു പുറമേ ഇവരെ കൊണ്ടുവന്ന സ്‌പോണ്‍സര്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് പാസ്‌പോര്‍ട്ട്‌ വിഭാഗം അറിയിച്ചു.

വിദേശികളെ വിസാകാലാവധിക്കുള്ളില്‍ തിരിച്ചയക്കേണ്ട ഉത്തരവാദിത്തം അവരെ കൊണ്ട് വരുന്ന സ്‌പോണ്‍സര്‍ക്കാണ്. ആശ്രിത വിസയില്‍ എത്തുന്നവര്‍ക്കും ഇത് ബാധകമാണ്. വിസാ കാലാവധിക്കകം തിരിച്ചു പോകാത്തവരെ കുറിച്ച വിവരം കൃത്യ സമയത്ത് സ്‌പോണ്‍സര്‍ തന്നെ ബന്ധപ്പെട്ടവരെ അറിയിക്കണം. ഇതില്‍ കാലതാമസം ഉണ്ടായാല്‍ സ്‌പോണ്‍സര്‍ക്ക് ഇരുപത്തി അയ്യായിരം റിയാല്‍ പിഴ ചുമത്തും.

സ്‌പോണ്‍സര്‍ വിദേശിയാണെങ്കില്‍ നാടു കടത്തുകയും ചെയ്യും. രണ്ടാമതും കുറ്റം ആവര്‍ത്തിച്ചാല്‍ ഇരുപത്തി അയ്യായിരം റിയാല്‍ പിഴ, മൂന്നു മാസത്തെ തടവ്, നാടു കടത്തല്‍ എന്നിവയായിരിക്കും സ്‌പോണ്‍സര്‍ക്ക് ലഭിക്കുന്ന ശിക്ഷ. മൂന്നാമത്തെ തവണ അമ്പതിനായിരം റിയാല്‍ പിഴയും ആറു മാസത്തെ  തടവുമായിരിക്കും ശിക്ഷ. ഇവിടെയും വിദേശിയായ സ്‌പോണ്‍സറെ നാടു കടത്തും. ഫാമിലി വിസയില്‍ എത്തുന്ന ഭൂരിഭാഗം പേരുടെയും സ്‌പോണ്‍സര്‍ വിദേശിയായ ഭര്‍ത്താവോ പിതാവോ മക്കളോ ആയിരിക്കും.

click me!