
ഇരിട്ടി (കണ്ണൂര്‍): മെയ് 5. എസ്.എസ്.എല്‍.സി പരീക്ഷയെഴുതിയ 4,55,453 കുട്ടികള്‍ പിരിമുറുക്കത്തോടെ ഫലം കാത്തിരുന്നു. അതില്‍, 4, 37, 156 പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി. 405 സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ പരീക്ഷയ്ക്കിരുത്തിയ നൂറ് കുട്ടികളേയും ജയിപ്പിച്ച് അഭിമാനമായി.
അതില്‍ ഒരു വിദ്യാലയം കണ്ണൂര്‍ ജില്ലയിലാണ്. ആറളം ഫാം ഗവ. ഹൈസ്‌കൂള്‍. ആറളത്തെ ഓര്‍മ്മയില്ലേ? കാടിനെ കുറിച്ചും, ആനക്കൂട്ടം ചവച്ച് തുപ്പിയ കൃഷിയിടങ്ങളെ കുറിച്ചും, ദുരിതം പേറി ജീവിക്കുന്ന ആദിവാസികളെക്കുറിച്ചുമൊക്കെ നാം കണ്ട വാര്‍ത്തകളില്‍ പലതും അവിടെ നിന്നായിരുന്നു.
ആ ആറളം ഫാമിലെ, ആദിവാസി കുട്ടികള്‍ മാത്രം പഠിക്കുന്ന സ്‌കൂളില്‍ നിന്നാണ് അസാധാരണമായ ആ ഫലം വന്നത്. നൂറു മേനി ജയം. തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് ഈ സ്‌കൂളിന് ഇത്തരമൊരു നേട്ടം. കുട്ടികള്‍ കുറഞ്ഞതിനാല്‍ അഞ്ച് വര്‍ഷം മുമ്പ് അടച്ച് പൂട്ടാനൊരുങ്ങിയ സ്‌കൂളാണ്, ഒരു സംഘം അധ്യാപകരുടെ നിസ്വാര്‍ത്ഥമായ സേവനത്തിന്റെ പിന്‍ബലത്തില്‍, 5 വര്‍ഷമായി നൂറു മേനി ജയം കൈവരിച്ചത്.
വീടില്ലാത്ത, ഭൂമിയില്ലാത്ത, ആറളം ഫാമെന്ന ചെറിയ ലോകത്തെ കുറിച്ചല്ലാതെ മറ്റൊന്നിനെ കുറിച്ചും വലിയ അറിവില്ലാത്ത 26 കുട്ടികള്‍ അവിടെ നിന്നും ഉപരിപഠനത്തിന് യോഗ്യത നേടി. ചെറിയ മാര്‍ക്കല്ല, വലിയ മാര്‍ക്ക് നേടിയാണ് ജയം. കേരളത്തില്‍ 100 ശതമാനം ജയം നേടിയ 1174 സ്‌കൂളുകളില്‍ ഒന്ന് പരിമിതികള്‍ക്കുള്ളിലുള്ള ആറളം ഫാം ഗവ.ഹൈസ്‌കൂളാണ്.
ആകെ പരീക്ഷയെഴുതിയത് 26 കുട്ടികളാണ്. 16 ആണ്‍കുട്ടികളും 10 പെണ്‍കുട്ടികളും. എല്ലാവരും മികച്ച ഗ്രേഡ് നേടി ജയിച്ചു. 24 പേര്‍ക്ക് മാര്‍ക്ക് 50 ശതമാനത്തിന് മുകളില്‍ മാര്‍ക്ക്.
ഈ വിജയത്തിലേക്കുള്ള വഴി തെളിച്ച് കൊടുത്തതില്‍ അദ്ധ്യാപകരുടെ പങ്ക് വലുതാണ്. ജനുവരി 15 മുതല്‍ പരീക്ഷയുടെ തലേ ദിവസം വരെ 26 കുട്ടികളും സ്‌കൂളില്‍ താമസിച്ചാണ് പഠിച്ചതെന്ന് അധ്യാപകനായ വിനോയ് തോമസ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. സ്‌കൂളില്‍ താമസിക്കാന്‍ കാരണമുണ്ട് വീട്ടിലെത്തിയാല്‍ പലര്‍ക്കും പഠിക്കാനൊക്കില്ല. പ്രതികൂല സാഹചര്യങ്ങള്‍ അവരെ പുസ്‌കങ്ങളില്‍ നിന്ന് അകറ്റി.
കുട്ടികള്‍ കുറഞ്ഞതിനാല്‍ അഞ്ച് വര്‍ഷം മുന്‍പ് സ്‌കൂള്‍ അടച്ച് പൂട്ടാനൊരുങ്ങിയിരുന്നു. ഇവിടുത്തെ കുട്ടികളുടെ പഠനം മുടങ്ങരുതെന്ന് ഒരു കൂട്ടം അദ്ധ്യാപകര്‍ ചിന്തിച്ചു.അവര്‍ ഒന്നായി പ്രയത്‌നിച്ചു അങ്ങനെയാണ് അടച്ച് പൂട്ടാനൊരുങ്ങിയ വിദ്യാലയത്തില്‍ നിന്ന് ആ നല്ല വാര്‍ത്ത വന്നത്. വേണു, ഫല്‍ഗുണന്‍, ശിവേഷ്, വിന്‍സെന്റ്, ജോണ്‍, ഹരീഷ്, ലൗലി, ശ്രീജ, ഗിരീഷ്, ബാബു, ഡെയ്‌സി, ശശികല, ഹര്‍ഷ, മഞ്ജു, എഴുത്തുകാരന്‍ എന്ന നിലയിലും ശ്രദ്ധേയനായ വിനോയ് തോമസ് എന്നീ അധ്യാപകരാണ് ഈ നേട്ടം കൊയ്തത്.
പ്രതീക്ഷയിലേക്ക് കൈപിടിച്ച് നടത്തിച്ച,സ്വപ്നം കാണാന്‍ പഠിപ്പിച്ച ഈ അദ്ധ്യാപകരോട് ഈ കുട്ടികള്‍ ഒന്നായ് പറയുന്നു: മറക്കില്ലൊരിക്കലും!
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam