
കണ്ണൂര്‍: ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട്‍. ഇന്ന് രാവിലെയോടെ രണ്ടുപേര്‍ കൂടി കസ്റ്റഡിയിലായി. സിപിഎം ബന്ധമുള്ള ആകാശ് തില്ലങ്കേരി, റിജിൻ രാജ് എന്നിവരാണ് രാവിലെ മാലൂർ പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. പ്രതികള്‍ക്ക് നേരിട്ട് പങ്കില്ലാത്തവരാണ് കീഴടങ്ങിയതെന്നാണ് പൊലീസ് നിഗമനം.
പാര്‍ട്ടിയുടെ നിര്‍ദ്ദേശ പ്രകാരം കീഴടങ്ങിയതാണെന്നും പൊലീസ് കരുതുന്നു. അതേസമയം കൊലപാതകം നടത്തിയത് തങ്ങളാണെന്ന് വെളിപ്പെടുത്തിയതായും വിവരമുണ്ട്. എന്നാല്‍ ഇത് പൊലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല. അതേസമയം പ്രതികള്‍ ഡമ്മികളാണെന്നും സിപിഎമ്മിന് ബന്ധമില്ലെന്ന് പറഞ്ഞ പി ജയരാജന്‍ മറുപടി പറയണമെന്നും കെ സുധാകരന്‍ പ്രതികരിച്ചു.
ഇന്നലെ ആറ് പേരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരുടെ വിവരങ്ങള്‍ പൊലീസ് അതീവ രഹസ്യമായാണ് കൈകാര്യം ചെയ്യുന്നത്. ഇന്നലെ കസ്റ്റഡിയിലെടുത്ത ആറ് പേരെ ചോദ്യം ചെയ്തതില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു.
തില്ലങ്കേരിയില്‍ ബി.ജെ.പി പ്രവര്‍ത്തകനെ വധിച്ച കേസിലെ പ്രതിയും കസ്റ്റഡിയിലുണ്ടെന്നാണ് ലിഭിക്കുന്ന വിവരം. കൂടുതല്‍ പേരെ ഇന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. അറസ്റ്റിനൊപ്പം കൊലയ്‌ക്ക് ഉപയോഗിച്ച ആയുധങ്ങളും വാഹനങ്ങളും കണ്ടെടുക്കുന്നതിനുള്ള റെയ്ഡുകളും തുടരും. കണ്ണൂര്‍ എസ്.പി നേരിട്ടാണ് തിരച്ചിലുകള്‍ക്ക് നേതൃത്വം നല്‍കുന്നത്.
കൊലപാതകം നടന്ന് ആറ് ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാന്‍ കഴിയാത്തത് കടുത്ത വിമര്‍ശത്തിന് ഇടയാക്കിയിരുന്നു. അതിനിടെയാണ് കൊലപാതകികളെപ്പറ്റി കൃത്യമായ വിവരം ലഭിച്ചുവെന്ന സൂചനകള്‍.
കണ്ണൂരിലെ തെരൂരിലെ തട്ടുകടയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് ഷുഹൈബിനെ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയത്. ബോംബെറിഞ്ഞ് ഭീതിപരത്തി, ഷുഹൈബിനെയും കൂടെയുള്ളവരെയും ആശുപത്രിയിലെത്തിക്കുന്നതും വൈകിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിക്കുന്നതിന് മുൻപ് രക്തം വാർന്നായിരുന്നു മരണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam