സുനന്ദ പുഷ്കര്‍ കേസ്: സുബ്രഹ്മണ്യന്‍ സ്വാമിയുടെ ഹര്‍ജി തള്ളി

By Web DeskFirst Published Oct 26, 2017, 9:08 PM IST
Highlights

ദില്ലി: സുനന്ദപുഷകറിന്റെ മരണത്തില്‍ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ ഹര്‍ജി ദില്ലി ഹൈക്കോടതി തള്ളി. ഹര്‍ജി രാഷ്‌ട്രീയ പ്രേരതിമാണെന്ന് കോടതി വ്യക്തമാക്കി. പോലീസ് അന്വേഷണം ഇഴഞ്ഞ് നീങ്ങുകയാണെന്ന് വാദിച്ചാണ് സുബ്രഹ്മണ്യന്‍ സ്വാമി പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്.

സുനന്ദപുഷ്കറിന്റെ മരണത്തില്‍ ദില്ലി പൊലീസിന്റെ അന്വേഷണം നിലനിച്ചിരിക്കുകയാണെന്നും കോടതി മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യസ്വാമി ദില്ലി ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ നേരത്തെ ദില്ലി പൊലീസിന്‍റെ റിപ്പോര്‍ട്ട് കോടതി തേടിയിരുന്നു. റിപ്പോര്‍ട്ട് ഇന്ന് പരിഗണിച്ചാണ് സുബ്രഹ്മണ്യസ്വാമിയുടെ ഹര്‍ജി കോടതി തള്ളിയത്.

രാഷ്‌ട്രീയ താല്‍പര്യത്തോടെയാണ് ഇത്തരമൊരു ഹര്‍ജി സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയതെന്നും കോടതി വിമര്‍ശിച്ചു. സുനന്ദപുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് ഉന്നയിക്കുന്ന ആരോപണങ്ങള്‍ തെളിയിക്കാന്‍ ഹര്‍ജിക്കാരന് സാധിക്കുന്നില്ല. തെളിവ് ആവശ്യപ്പെടുമ്പോള്‍ കൂടുതല്‍ സമയം നീട്ടിചോദിക്കുകയാണ് സുബ്രഹ്മണ്യസ്വാമി ചെയ്യുന്നത്. അതുകൊണ്ട് ഇനിയും ഈ കേസ് നീട്ടികൊണ്ടുപോകാനാകില്ലെന്ന് ദില്ലി ഹൈക്കോടതി വ്യക്തമാക്കി.

രാഷ്‌ട്രീയക്കാര്‍ക്കെതിരെ എത്തുന്ന ഇത്തരം പൊതുതാല്പര്യ ഹര്‍ജികള്‍ പരിഗണിക്കുമ്പോള്‍ കൂടുതല്‍ ജാഗ്രത കാട്ടണമെന്ന മുന്നറിയിപ്പും ദില്ലി ഹൈക്കോടതി നല്‍കി. സുനന്ദ കേസില്‍ നിലവിലെ അന്വേഷണം തൃപ്തികരമാണെന്ന കേന്ദ്ര സര്‍ക്കാരിന്‍റെയും ദില്ലി പൊലീസിന്‍റെയും വാദം കോടതി അംഗീകരിച്ചു. 2014 ജനുവരി 17നാണ് സുനന്ദ പുഷ്കറിനെ ദില്ലിയിലെ ലീല ഹോട്ടലിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

click me!