
കാസര്‍കോട്: താന്‍ കീഴാറ്റൂരിലെ വയല്‍ക്കിളികള്‍ക്കൊപ്പമെന്ന് കൃഷി മന്ത്രി വി.എസ്.സുനില്‍ കുമാര്‍. നെല്‍വയല്‍ സംരക്ഷിക്കലാണ് തന്റെ ജോലിയെന്നും താന്‍ അത് ചെയ്യുമെന്നും മന്ത്രി പറഞ്ഞു. കാസര്‍കോട് നീലേശ്വരത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് കീഴാറ്റൂരിലെ നെല്‍വയല്‍ സംരക്ഷിക്കുക തന്നെ ചെയ്യുമെന്നും കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു.
നിലവില്‍ തന്റെ ഡിപ്പാര്‍ട്ടുമെന്റ് അല്ല നെല്‍വയല്‍ പിടിച്ചെടുത്തിരിക്കുന്നത്. ഇതുവരെ കൃഷി വകുപ്പില്‍ ഇതുമായി ബന്ധപ്പെട്ട ഫയല്‍ എത്തിയിട്ടില്ല. എത്തിയാല്‍ ആദ്യം കൃഷിഭൂമി സംരക്ഷിക്കുന്നതിനായിരിക്കും മുന്‍ഗണനയെന്നും നെല്‍കൃഷി തുടരുക തന്നെ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
വയല്‍ക്കിളികള്‍ എന്ന പേര് സംസ്ഥാനത്തിന് തന്നെ അഭിമാനമാണ്. എന്തുകൊണ്ടാണ് അവരെ വയലില്‍ നിന്നും അടിച്ചോടിച്ചതെന്ന് അറിയില്ലെന്നും കൃഷി മന്ത്രി പറഞ്ഞു. എന്നാല്‍ തുടര്‍ന്നുള്ള നാളുകളില്‍ അവര്‍ക്ക് സംസ്ഥാന കൃഷി വകുപ്പിന്റെ എല്ലാ സഹായങ്ങളും പ്രതീക്ഷിക്കാമെന്നും മന്ത്രി പറഞ്ഞു.
കീഴാറ്റൂരിലെ നെല്‍വയല്‍, തളിപ്പറമ്പ് ദേശീയപാതാ ബൈപ്പാസ് നിര്‍മ്മാണത്തിനായി ഏറ്റെടുക്കുമെന്ന് സര്‍ക്കാര്‍ അറിയിപ്പ് വന്നത് മുതല്‍ കീഴാറ്റൂരിലെ കര്‍ഷകര്‍ വയല്‍ക്കിളികള്‍ എന്ന പേരില്‍ സമരത്തിലാണ്. കഴിഞ്ഞ ദിവസം ബൈപ്പാസിനായി സ്ഥലമളക്കാന്‍ ദേശീയപാതാ അധികൃതര്‍ എത്തിയപ്പോള്‍ പ്രതിഷേധിച്ച കര്‍ഷകരെ പോലീസിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ഈ സമയം സമരത്തെ എതിര്‍ത്തിരുന്ന പ്രദേശീക സിപിഎം സമരപ്പന്തലിന് തീയിട്ടത് വിവാദങ്ങള്‍ക്ക് വഴി തെളിച്ചിരുന്നു. മഹാരാഷ്ട്രയിലെ കര്‍ഷകരുടെ ലോങ്ങ് മാര്‍ച്ചിനൊപ്പം നിന്ന കേരളത്തിലെ സിപിഎം നേതൃത്വം വയല്‍ക്കിളികളെയും കീഴാറ്റൂര്‍ സമരത്തെയും തള്ളിപ്പറഞ്ഞിരുന്നു. സിപിഎമ്മിന്റെ ഈ ഇരട്ടത്താപ്പ് ഏറെ വിവാദമായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam