സുപ്രീംകോടതിയിലെ പ്രതിസന്ധി: ചർച്ച നാളത്തേയ്‍ക്ക് മാറ്റിവച്ചു

By Web DeskFirst Published Jan 17, 2018, 10:14 PM IST
Highlights

സുപ്രീംകോടതിയിലെ പ്രതിസന്ധി പരിഹരിക്കാനായി ചീഫ് ജസ്റ്റിസും എതിർപ്പുന്നയിച്ച ജഡ്ജിമാരും തമ്മിൽ നടത്താനിരുന്ന ചർച്ച നാളത്തേയ്‍ക്ക് മാറ്റി. ജസ്റ്റിസ് ചലമേശ്വർ പനികാരണം വിശ്രമിക്കുന്നതിനാലാണ് ചർച്ച മാറ്റിയത്. മെഡിക്കൽ കോഴ കേസിൽ ഫോൺ സംഭാഷണം ചോർന്ന സംഭവത്തിൽ സിബിഐയോട് ദില്ലിയിലെ വിചാരണ കോടതി വിശദീകരണം തേടി.

സുപ്രീംകോടതിയിലെ പ്രതിസന്ധി പരിഹാരമില്ലാതെ തുടരുകയാണ്. വിട്ടുവീഴ്‍ചയുടെ സൂചന നല്‍കിയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര എതിർപ്പുന്നയിച്ച നാലു ജഡ്ജിമാരെ ഇന്നു വൈകിട്ട് ചർച്ചയ്‍ക്ക് ക്ഷണിച്ചത്. എന്നാൽ ജസ്റ്റിസ് ചലമേശ്വർ ഇന്ന് പനികാരണം കോടതിയിൽ എത്തിയില്ല. ഉച്ചഭക്ഷണത്തിന് ജഡ്ജിമാർ ഒത്തുകൂടിയപ്പോൾ ചീഫ് ജസ്റ്റിസ് മറ്റു മൂന്നു ജഡ്ജിമാരെ കണ്ടു. എന്നാൽ ജസ്റ്റിസ് ചലമേശ്വർ കൂടി തിരിച്ചെത്തിയ ശേഷം വിശദമായ ചർച്ച നാളെയുണ്ടാവും എന്നാണ് സൂചന. സിബിഐ കോടതി ജഡ്ജി ജസ്റ്റിസ് ബിഎച്ച് ലോയയുടെ മരണത്തിൽ അന്വേഷണം വേണമെന്ന ഹർജി പുതിയ ബെഞ്ചിന് വിടുമെന്നാണ് സൂചന. ജസ്റ്റിസ് അരുൺമിശ്രയുടെ ബഞ്ച് ഉചിതമായ ബഞ്ചിന് ഇത് കൈമാറാൻ ആവശ്യപ്പെട്ടത് ഒത്തുതീർപ്പിനുള്ള വഴിയൊരുക്കുമോ എന്നറിയാൻ കാത്തിരിക്കണം. ഏതു ബെഞ്ചായാലും നീതി നടപ്പാകണം എന്നു മാത്രമാണ് നിലപാടെന്ന് ഹർജിക്കാരനായ തെഹസീൻ പൂനാവാല പറഞ്ഞു

മെഡിക്കൽ കോഴ കേസിൽ അറസ്റ്റിലായ മുൻ ഒഡീഷ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഐഎം ഖുദ്ദുസ്സി ടെലിഫോൺ രേഖകൾ ചോർന്നതിനെതിരെ സിബിഐ കോടതിയെ സമീപിച്ചു. ചൊവ്വാഴ്‍ചയ്‍ക്കകം ഇക്കാര്യത്തിൽ വിശദീകരണം നല്കണമെന്ന് കോടതി സിബിഐക്ക് നിർദ്ദേശം നല്‍കി.  ഖുദ്ദുസ്സിയും ഇടനിലാക്കാരനും മെഡിക്കൽ കോളേജ് ഉടമയും തമ്മിലുള്ള സംഭാഷണമാണ് പുറത്തുവന്നത്. പ്രശാന്ത് ഭൂഷൺ ചീഫ് ജസ്റ്റിസിനെതിരെ മറ്റു ജഡ്ജിമാർക്ക് നല്കിയ കത്തിൽ ഈ സംഭാഷണം തെളിവായി ഉദ്ധരിച്ചതോടെയാണ് ഖുദ്ദുസ്സി സിബിഐ കോടതിയെ സമീപിച്ചത്. സുപ്രീംകോടതിയിൽ ജഡ്ജിമാരുടെ ചർച്ചയ്‍ക്ക് സാഹചര്യമൊരുങ്ങിയെങ്കിലും ഒത്തുതീർപ്പ് നിർദ്ദേശമൊന്നും ഇതുവരെ ഉയർന്നിട്ടില്ല.

click me!