
ദില്ലി: അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് നടപടികൾ തുടങ്ങിയ ദിവസം സുപ്രീം കോടതി ബിർള-സഹാറ ഡയറികൾ തെളിവല്ലെന്ന് ചൂണ്ടിക്കാട്ടി തള്ളിയത് ബിജെപിക്ക് വൻനേട്ടമായി. നോട്ട് അസാധുവാക്കൽ പ്രക്ഷോഭത്തിൽ മറ്റു പാർട്ടികൾ ശ്രദ്ധയൂന്നിയപ്പോൾ ഈ വിഷയം ഉയർത്തിക്കൊണ്ടുവന്ന രാഹുൽ ഗാന്ധിക്കാണ് കോടതി തീരുമാനം വലിയ തിരിച്ചടിയായത്.
പ്രധാനമന്ത്രി വ്യക്തിപരമായി അഴിമതി നടത്തി എന്നതിന്‍റെ തെളിവുണ്ടെന്ന് പാർലമെന്റ് മന്ദിരത്തിലെ 53 ആം നമ്പർ മുറിയിൽ മാധ്യമങ്ങളെ കണ്ട് പറഞ്ഞ രാഹുൽ ഗാന്ധി പിന്നീട് വെളിപ്പെടുത്തിയത് പ്രശാന്ത് ഭൂഷണും അരവിന്ദ് കെജ്രിവാളും ദിവസങ്ങൾക്കു മുമ്പ് പുറത്തു വിട്ട തെളിവുകൾ. പ്രതിപക്ഷ നേതാക്കളുടെ ഒരു യോഗം ദില്ലിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബില്‍ നടന്നപ്പോൾ തൃണമൂൽ കോൺഗ്രസ് അദ്ധ്യക്ഷ മമത ബാനർജി രാഹുൽ ഗാന്ധിയോട് ബിർള സഹാറ ഡയറി വിഷയമാക്കരുതെന്ന് ഉപദേശിച്ചു.
ഇപ്പോൾ ദുരിതം നേരിടുന്ന ജനം ബിജെപിക്ക് എതിരാണെന്നും കൈക്കൂലി ആരോപണം കൂടി ഉന്നയിക്കുന്നത് എന്നാൽ പ്രതിപക്ഷം പറയുന്നത് അസത്യമാണെന്ന പ്രതീതി ഉണ്ടാക്കുമെന്നും മമത പറഞ്ഞു. എന്നാൽ കോൺഗ്രസ് ഇത് വിഷയമാക്കും എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ മറുപടി. ആദ്യം വിഷയം ഉന്നയിച്ച അരവിന്ദ് കെജ്രിവാൾ പോലും പിന്നോട്ട് പോയപ്പോൾ ഉറച്ചു നിന്ന രാഹുൽ ഗാന്ധിക്ക് സുപ്രീം കോടതിയുടെ പുതിയ ബഞ്ചും ഈ കുറിപ്പുകളെ വിശ്വാസയോഗ്യമല്ലാത്ത കടലാസുകൾ മാത്രമെന്ന് വിശേഷിപ്പിച്ചത് വലിയ തിരിച്ചടിയാണ്.
രാഹുൽ വീണ്ടും ഇത് ഉന്നയിക്കും എന്ന് വ്യക്തമാക്കി കഴിഞ്ഞു. എങ്കിലും തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തിൽ ബിജെപിക്ക് ഇത് ആയുധമാകും. സുപ്രീം കോടതിയുടെ അന്തിമ തീരുമാനത്തോടെ പാർലമെന്റിൽ ഈ വിഷയത്തിൽ ഇനി ഭൂകമ്പം പ്രതീക്ഷിക്കേണ്ടതില്ല. കോൺഗ്രസിന്റെ വിശ്വാസ്യതയ്ക്ക് തിരിച്ചടിയേറ്റു എന്നു മാത്രമല്ല പ്രതിരോധത്തിലായ ബിജെപിക്ക് പ്രതിപക്ഷം തന്നെ ഒരു പിടിവള്ളി നല്കിയതു പോലെയായി ഇപ്പോഴത്തെ സംഭവവികാസങ്ങൾ എന്ന വിലയിരുത്തൽ പാർട്ടിക്കകത്തുമുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam