
തെരുവ്നായ്ശല്ല്യം പരിഹരിക്കുന്നതിന് ജസ്റ്റിസ് സിരിജഗൻ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് കേസിലെ എല്ലാ കക്ഷികൾക്കും നൽകാൻ സുപ്രീംകോടതി ഉത്തരവിട്ടു. തെരുവ്നായശല്ല്യം പരിഹരിക്കുന്നതിന് പ്രായോഗികമായ നടപടികളാണ് വേണ്ടത്. തെരുവ്നായ്ക്കളുടെ കടിയേറ്റ് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരവും, നായ്ക്കളെ കടിയേൽക്കുന്നവര്‍ക്ക് സൗജന്യ വൈദ്യസഹായവും ഉറപ്പാക്കണമെന്ന് കോടതി പരാമര്‍ശം നടത്തി.
നായ്ക്കളുടെ കടിയേൽക്കുന്ന എല്ലാവര്‍ക്കും നഷ്ടപരിഹാരം നൽകുന്നത് പ്രായോഗികമല്ലെന്ന് സംസ്ഥാന സര്‍ക്കാരിന്‍റെ വ്യക്തമാക്കിയതോടെയാണ് ഈ നിര്‍ദ്ദേശം കോടതി മുന്നോട്ടുവെച്ചത്. തെരുവ്നായശല്ല്യം പരിഹരിക്കാൻ നിയമം കര്‍ശനമായി നടപ്പാക്കുകയാണ് വേണ്ടത്. കേരളത്തിൽ മാത്രം എന്തുകൊണ്ടാണ് തെരുവ്നായ് ശല്യം ഇത്രയും രൂക്ഷമാകുന്നതെന്നും കോടതി ചോദിച്ചു. കേസ് നവംബർ 17ലേക്ക് മാറ്റിവെച്ചു.
മൃഗസ്നേഹിയായ അനുപംത്രിപാഠി നൽകിയ കേസാണ് സുപ്രീംകോടതി പരിഗണിച്ചത്. മറ്റൊരു കേസിൽ കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ എന്തുകൊണ്ടാണ് നാട്ടാനകൾക്ക് നേരെയുള്ള പീഡനങ്ങൾ തടയാൻ നിയമം കര്‍ശനമായി നടപ്പാക്കാത്തതെന്ന് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് ചോദിച്ചു.
നിയമങ്ങൾ ഇല്ലാത്തതുകൊണ്ടല്ല ആനകൾക്ക് ക്രൂരമായ പീഡനം ഏൽക്കേണ്ടിവരുന്നതെന്നും കോടതി പരാമര്‍ശം നടത്തി. മൃഗസംരക്ഷണ ബോര്‍ഡിന്‍റെ അഭ്യര്‍ത്ഥന അംഗീകരിച്ച് കേസ് നവംബര്‍ 18ലേക്ക് മാറ്റിവെച്ചു.