
ദില്ലി: കര്‍ണ്ണാടകത്തില്‍ പ്രോടെം സ്‌പീക്കറായി ബിഎസ് യെദ്യൂരപ്പയുടെ വിശ്വസ്തന്‍ കെജി ബോപ്പയ്യയെ നിയമിച്ച നടപടിക്കെതിരെ കോണ്‍ഗ്രസ് നല്കിയ ഹര്‍ജിയില്‍ വാദം പുരോഗമിക്കുന്നു. ഏറ്റവും മുതിര്‍ന്ന അംഗത്തെ തന്നെ പ്രോടേം സ്‌പീക്കറായി നിയമിക്കണമെന്ന് കപില്‍ സിബല്‍ വാദിച്ചുവെങ്കിലും അങ്ങനെ അല്ലാത്ത ചരിത്രവും ഉണ്ടല്ലോയെന്ന് ജസ്റ്റിസ് എ.കെ സിക്രി ചൂണ്ടിക്കാട്ടി.
മുതിര്‍ന്ന അംഗത്തെ തന്നെ പരിഗണിക്കണമെന്നില്ലെന്ന് കോടതി നിലപാടെടുത്തതോടെ ബൊപ്പയ്യയുടെ പൂര്‍വ്വകാല ഇടപെടലുകള്‍ കപില്‍ സിബലും മനു അഭിഷേക് സിങ്‍വിയും ചൂണ്ടിക്കാട്ടി. മുതിര്‍ന്ന അംഗം എന്നു പറയുന്നത് പ്രായത്തില്‍ മുതിര്‍ന്നയാള്‍ എന്നല്ലെന്നും മറിച്ച് സഭയിലെ അയാളുടെ പരിചയം മുന്‍നിര്‍ത്തിയാകണമെന്നും സിങ്‍വി വാദിച്ചു. തുടര്‍ന്ന് ബൊപ്പയ്യയുടെ കളങ്കിത പ്രതിച്ഛായ ഉയര്‍ത്തിയാണ് വാദങ്ങള്‍ നിരത്തിയത്. ഓപ്പറേഷന്‍ ലോട്ടസ് എന്ന പേരില്‍ മുന്‍പു് ബിജെപിക്ക് അധികാരം ഉറപ്പിക്കാന്‍ ബൊപ്പയ്യ നടത്തിയ വഴിവിട്ട നീക്കങ്ങളെക്കുറിച്ചും അഭിഭാഷകര്‍ പരാമര്‍ശിച്ചു. നേരത്തെ അദ്ദേഹത്തിനെതിരെ കോടതി പുറപ്പെടുവിച്ച വിധിയിലെ പരാമര്‍ശങ്ങള്‍ സിബല്‍ കോടതിയില്‍ വാദിച്ചു.
ഇതോടെ ഒരാളുടെ സത്യസന്ധതയും വിശ്വാസ്യതയും ചോദ്യം ചെയ്യുമ്പോള്‍ അയാളുടെ ഭാഗം കൂടി കേള്‍ക്കാതെ പറ്റില്ലെന്ന് സുപ്രീം കോടതി നിലപാടെടുത്തു. അങ്ങനെയങ്കില്‍ വിശ്വാസ വോട്ടെടുപ്പ് മാറ്റി വെയ്‌ക്കേണ്ടി വരുമെന്ന് സുപ്രീം കോടതി അറിയിച്ചു. എന്നാല്‍ എംഎല്‍എമാരുടെ സത്യപ്രതിജ്ഞക്ക് ബൊപ്പയ്യ തന്നെ അധ്യക്ഷനായിക്കൊള്ളട്ടെയെന്നും വിശ്വാസ വോട്ടെടുപ്പിന് മറ്റൊരാള്‍ വേണമെന്നും കപില്‍ സിബല്‍ വാദിച്ചു. കേസില്‍ വാദം തുടരുകയാണ്...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam