ബലാൽസംഗത്തിന് ഇരയായ 10 വയസുകാരിക്ക് ഗര്‍ഭം അലസിപ്പിക്കാൻ അനുമതി നിഷേധിച്ചു

By Web DeskFirst Published Jul 28, 2017, 9:35 PM IST
Highlights

ന്യൂഡല്‍ഹി: ബലാൽസംഗത്തിന് ഇരയായ 10 വയസ്സുള്ള പെണ്‍കുട്ടിക്ക് ഗര്‍ഭം അലസിപ്പിക്കാൻ സുപ്രീംകോടതി അനുമതി നിഷേധിച്ചു. ഇപ്പോൾ ഗര്‍ഭം അലസിപ്പിക്കുന്നത് കുട്ടിയുടെ ജീവന് ഭീഷണിയാണെന്ന മെഡിക്കൽ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കോടതി അനുമതി നിഷേധിച്ചത്.

കുട്ടിയുടെ ഗര്‍ഭാവസ്ഥ 32 ആഴ്ച പിന്നിട്ട സാഹചര്യത്തിലാണ് ഗര്‍ഭം അലസിപ്പിക്കാൻ അനുമതി തേടി രക്ഷിതാക്കൾ കോടതിയെ സമീപിച്ചത്. ബലാൽസംഗത്തിന് ഇരയായ ശേഷം നിയമനടപടികളുമായി മുന്നോട്ടുപോവുകയായിരുന്നെന്നും വളരെ വൈകിയാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് വിവരം അറിഞ്ഞതെന്നും രക്ഷിതാക്കളുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. എന്നാൽ കുട്ടിയുടെ ജീവൻ അപകടത്തിലാകും എന്നതുകൊണ്ട് ഹര്‍ജി അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഇതോടെയാണ് ഗര്‍ഭം അലസിപ്പിക്കുന്നതിന് മെഡിക്കൽ റിപ്പോര്‍ട്ടിനെ അടിസ്ഥാനത്തിൽ  കോടതി അനുമതി നിഷേധിച്ചത്.

ഗർഭഛിദ്രം ആവശ്യപ്പെട്ട് പീഡനത്തിനിരയായ നിരവധി പേരുടെ ഹർജികളാണ് കോടതിയില്‍ എത്തുന്നത്. കഴിഞ്ഞ മേയില്‍ 21 ആഴ്ച്ച പ്രായമായ പത്ത് വയസുകാരിയുടെ ഗർഭം  അലസിപ്പിക്കാൻ സുപ്രീം കോടതി അനുമതി നൽകിയിരുന്നു. വളരെ വൈകിയാണ് പെൺകുട്ടികൾ ഗർഭിണിയാണെന്ന വിവരം അറിയുന്നത് എന്നത് അനൂകൂലമായ വിധി നേടുന്നത് തടസ്സമാകുന്നത്.
 

click me!