കാലിത്തീറ്റ കുംഭകോണക്കേസിൽ ലാലു പ്രസാദിന് തിരിച്ചടി

By Web DeskFirst Published May 7, 2017, 6:18 PM IST
Highlights

കാലിത്തീറ്റ കുംഭകോണത്തില്‍ രാഷ്‌ട്രീയ ജനതാദള്‍ അദ്ധ്യക്ഷന്‍ ലാലുപ്രസാദിന് എല്ലാ കേസിലും വിചാരണ നേരിടണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഒരു കേസില്‍ ശിക്ഷിക്കപ്പെട്ടതിനാല്‍ ലാലുവിനെ മറ്റു കേസുകളില്‍ നിന്ന് ഒഴിവാക്കിയ ജാര്‍ഖണ്ട് ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. ജാര്‍ഖണ്ട് ഹൈക്കോടതിയേയും സിബിഐയേയും സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു.


37 കോടി രൂപയുടെ കാലിത്തീറ്റ കുംഭകോണകേസില്‍ 2013 സപ്തംബര്‍ 30നാണ് ലാലുപ്രസാദ് യാദവിന് വിചാരണ കോടതി തടവുശിക്ഷ വിധിച്ചത്. വിധിക്കെതിരെ അപ്പീല്‍ നല്‍കിയ ലാലുപ്രസാദ് ജാമ്യം നേടിയാണ് ജയിലിന് പുറത്തിറങ്ങിയത്. ലാലുവിനെതിരെ മറ്റു നാലു കേസുകള്‍ കൂടി നിലവിലുണ്ട്. ഒരു കേസില്‍ ശിക്ഷിച്ചതിനാല്‍ ക്രിമിനല്‍ ഗൂഡാലോചന, വഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ക്ക് വീണ്ടും വിചാരണ നേരിടുന്നത് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് ലാലുപ്രസാദ്നല്കിയ അപേക്ഷ ജാര്‍ഖണ്ട് ഹൈക്കോടതി അംഗീകരിച്ചിരുന്നു. ഹൈക്കോടതി വിധിക്കെതിരെ സിബിഐ നല്‍കിയ അപേക്ഷ അംഗീകരിച്ചു കൊണ്ടാണ് ലാലു എല്ലാ കേസിലും വിചാരണ നേരിടണം എന്ന് സുപ്രീംകോടതി വിധിച്ചത്. വ്യത്യസ്ത കേസുകളില്‍ വെവ്വേറെ വിചാരണ തന്നെ നേരിടണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വിചാരണ ഒമ്പത് മാസത്തില്‍ പൂര്‍ത്തിയാക്കാനും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. അഴിമതി കേസില്‍ മുമ്പ് സുപ്രീംകോടതി നല്‍കിയ ഉത്തരവുകള്‍ പരിഗണിക്കാത്തതിനും സ്ഥിരതയില്ലാത്ത നിലപാട് എടുത്തതിനും ജാര്‍ഖണ്ട് ഹൈക്കോടതിയെ ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, അമിതാവ റോയി എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ച് വിമര്‍ശിച്ചു. അപ്പീല്‍ നല്‍കാന്‍ വൈകിയതിന് സിബിഐക്കും വിമര്‍ശനമുണ്ട്.  നിതീഷ് കുമാര്‍ അഴിമതികേസില്‍ നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

വിചാരണയില്ലാതെ രക്ഷപ്പെടാനുള്ള ലാലുപ്രസാദിന്റെ ശ്രമം തടഞ്ഞത് അഴിമതി കേസുകളില്‍ സുപ്രീംകോടതി സ്വീകരിക്കുന്ന ശക്തമായ നിലപാടിന്റെ തുടര്‍ച്ചയായി.

click me!