
കണ്ണൂര്‍: തന്‍റെ വീടിനെതിരെ ആക്രമണം നടത്തിയവരെ പോലീസ് കണ്ടെത്തട്ടെയെന്ന് വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂര്‍. ഇന്ന് പുലര്‍ച്ചെയാണ് സുരേഷിന്‍റെ കീഴാറ്റൂരിലെ വീടിനെതിരെ കല്ലേറ് നടന്നത്. ഊഹഭോഹങ്ങളുടെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ പ്രതികരിക്കാന്‍ ഇല്ലെന്ന് സുരേഷ് കീഴാറ്റൂര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഇപ്പോള്‍ നടക്കുന്ന സമരത്തില്‍ ആരുടെയും സഹായം വാങ്ങുമെന്നും സുരേഷ് പറഞ്ഞു. ബിജെപിയും എസ്ഡിപിഐയുമാണ് സമരത്തിന് പിന്തുണ നല്‍കുന്നത് എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ ആരോപിച്ചിരുന്നു. ഇതിനാണ് സുരേഷിന്‍റെ മറുപടി.
ഇന്ന് പുലര്‍ച്ചെ 1.45 ഓടെയായിരുന്നു ആക്രമണം. കീഴാറ്റൂരിലെ സുരേഷിന്‍റെ വീട്ടിന്‍റെ ജനല്‍ച്ചില്ലുകള്‍ തകര്‍ത്തു.സംഭവസമയത്ത് സുരേഷ് കീഴാറ്റൂരും കുടുംബവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ആദ്യം മുകളിലത്തെ നിലയിലേക്കും പിന്നീട് താഴത്തെ നിലയിലേക്കും കല്ലെറിയുകയായിരുന്നു. തുടര്‍ന്ന് ബൈക്ക് വേഗത്തില്‍ പാഞ്ഞ് പോകുന്ന ശബ്ദവും കേട്ടുവെന്ന് സുരേഷ് പറഞ്ഞു.
ബന്ധുവിന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളില്‍ രണ്ട് ബൈക്ക് പോകുന്നതും കണ്ടിരുന്നു. പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍, ഇത്തരം ആക്രമണങ്ങള്‍ തങ്ങളുടെ സമരത്തെ ബാധിക്കുകയില്ലെന്ന് സുരേഷ് പറഞ്ഞു.
അതേ സമയം ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എംവി ഗോവിന്ദന്‍ മാസ്റ്റര്‍ ആരോപിച്ചു. എന്നാല്‍ സാമന്യ ബുദ്ധിയുള്ളവര്‍ ഇത് വിശ്വസിക്കില്ലെന്ന് ബിജെപി നേതാവ് വി മുരളീധരന്‍ പ്രതികരിച്ചു.
വയല്‍ നികത്തി ദേശീയപാത ബൈപ്പാസ് നിര്‍മ്മിക്കുന്നതിനെതിരേയാണ് കണ്ണൂര്‍ കീഴാറ്റൂരിലെ വയല്‍ക്കിളി പ്രവര്‍ത്തകര്‍ സമരം ചെയ്യുന്നത്. വയല്‍ക്കിളി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വയലിനു നടുവില്‍ കൂടാരം നിര്‍മിച്ചു രാപ്പകല്‍ കാവല്‍ കിടക്കുന്നതായിരുന്നു സമരരീതി. കഴിഞ്ഞ ദിവസം സമരക്കാരെ പോലീസ് അറസ്റ്റുചെയ്തു നീക്കിയതിന് പിന്നാലെ സിപിഎം പ്രവര്‍ത്തകര്‍ സമരപന്തല്‍ തീയീട്ടു നശിപ്പിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam