
ദില്ലി: ഇറാഖിൽ വെച്ച് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ഇന്ത്യക്കാരുടെ ബന്ധുക്കളെ കാണാന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് സമയം അനുവദിക്കുന്നില്ലെന്ന് പരാതി. കൊല്ലപ്പെട്ടവരുടെ ശരീര അവശിഷ്ടങ്ങള്‍ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന് മുന്‍പ് മന്ത്രിയെ നേരിട്ട് കാണണമെന്നാവശ്യപ്പെട്ടാണ് ബന്ധുക്കള്‍ കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചതെങ്കിലും മന്ത്രി തിരക്കിലാണെന്ന മറുപടിയാണത്രെ ലഭിച്ചത്. ഇതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച മുതല്‍ ദില്ലി ജന്തര്‍ മന്ദറില്‍ സമരം തുടങ്ങുമെന്നും ഇവര്‍ പറഞ്ഞു.
‘കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രിയുടെ ഓഫിസിലേക്ക് വിളിച്ച് കൂടിക്കാഴ്ചക്ക് സമയം ചോദിച്ചു. അടുത്ത ദിവസം മന്ത്രിയുടെ ഓഫിസിൽനിന്ന് വിജയ് ദ്വിവേദി എന്നൊരാള്‍ തിരിച്ചുവിളിച്ചു. മന്ത്രി മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന്റെ തിരക്കിലാണെന്നും അത് പൂര്‍ത്തിയായ ശേഷം ബന്ധുക്കളെ കാണാമെന്നും അറിയിക്കുകയായിരുന്നു. അതിന് മുന്‍പാണ് തങ്ങള്‍ക്ക് കാണേണ്ടതെന്ന് പറഞ്ഞപ്പോഴും പഴയ ഉത്തരം തന്നെയാണ് ആവര്‍ത്തിച്ചത്' – മരിച്ച മഞ്ജീന്ദർ സിങ്ങിന്റെ സഹോദരി ഗുർപീന്ദർ കൗർ പറഞ്ഞു. മൃതദേഹം രാജ്യത്ത് എത്തിക്കുന്നതിനാണ് സര്‍ക്കാര്‍ ഇപ്പോള്‍ പ്രഥമ പരിഗണന നല്‍കുന്നതെന്നായിരുന്നു വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്ദ്യോഗസ്ഥരും പറഞ്ഞത്. മന്ത്രിയെ കാണാനുള്ള അവസരം ലഭിച്ചില്ലെങ്കില്‍ 39 പേരുടെയും ബന്ധുക്കളെ അണിനിരത്തി തിങ്കളാഴ്ച മുതല്‍ ദില്ലി ജന്തര്‍ മന്ദറില്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്ന് ഗുർപീന്ദർ കൗർ പറഞ്ഞു.
ഇറാഖില്‍ നിന്ന് കൊണ്ടുവരുന്നത് തങ്ങളുടെ ഉറ്റവരുടെ മൃതദേഹം തന്നെയാണെന്ന് ഉറപ്പുവരുത്തണമെന്നതടക്കമുള്ള ആവശ്യങ്ങളാണ് ഇവര്‍ക്കുള്ളത്. അത് കേള്‍ക്കാന്‍ തയ്യാറായില്ലെങ്കില്‍ മൃതദേഹം സ്വീകരിക്കാനും തയ്യാറാവില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളിലെ ഒരോരുത്തര്‍ക്ക് വീതം ജോലി നല്‍കണമെന്നും സര്‍ക്കാര്‍ ധനസഹായം നല്‍കമണെന്നതുമടക്കമുള്ള ആവശ്യങ്ങളും ഇവര്‍ക്കുണ്ട്. കഴിഞ്ഞ നാല് വർഷത്തിനിടെ 14 തവണയാണ് സുഷമ സ്വരാജിനെ ഇവര്‍ സന്ദര്‍ശിച്ചത്. ഇതില്‍ രണ്ട് തവണ മാത്രമാണ് മന്ത്രി തങ്ങളെ ഇങ്ങോട്ട് വിളിച്ചതെന്നും ബാക്കിയെല്ലാം തങ്ങള്‍ അങ്ങോട്ട് ഫോണ്‍ ചെയ്ത് ആവശ്യപ്പെട്ടതാണെന്നും ഇവര്‍ പറയുന്നു. ഓരോ തവണ കാണുമ്പോഴും തങ്ങളുടെ ഉറ്റവര്‍ സുരക്ഷിതരാണെന്നും അവരെ കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നുമുള്ള മറുപടിയായിരുന്നു ലഭിച്ചിരുന്നത്.
കാണാതായ 39 പേരും ജയിലിലാണെന്നായിരുന്നു അവസാനത്തെ കൂടിക്കാഴ്ചയില്‍ സുഷമ സ്വരാജ് പറഞ്ഞത്. ഇതിന് ശേഷമാണ് എല്ലാവരും മരിച്ചുവെന്ന് പാര്‍ലമെന്റില്‍ മന്ത്രി അറിയിച്ചത്. ഇതിന് ശേഷം മന്ത്രിയെ ഒരിക്കല്‍ കൂടി കാണാന്‍ അനുമതി തേടിയെങ്കിലും അത് അനുവദിക്കപ്പെട്ടില്ല. ഇതേ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, ധനമന്ത്രി അരുൺ ജയ്റ്റ്ലി, ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് എന്നിവർക്കും മുതിർന്ന ഉദ്യോഗസ്ഥർക്കും കത്തയച്ചെങ്കിലും ഒരു മറുപടി പോലും കിട്ടിയില്ലെന്നും ബന്ധുക്കള്‍ പരാതിപ്പെടുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam