
ചെന്നൈ: ഇൻഫോസിസ് ജീവനക്കാരിയായിരുന്ന സ്വാതിയെ പട്ടാപ്പകൽ വെട്ടിനുറുക്കിയതിനു കാരണം പ്രണയാഭ്യര്‍ത്ഥന സ്വീകരിക്കാത്തതിനാലെന്ന് പ്രതി. പ്രതിയായ രാംകുമാര്‍ ഇത് സമ്മതിച്ചു. കൊലയ്ക്കു ശേഷം കടന്നു കളഞ്ഞ രാംകുമാറിനെ തിരുനെൽവേലിയിലെ ലോഡ്ജിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ഇയാളും ടെക്കിയാണ്.
സ്വാതിയുടെ വീടിനു സമീപം കുറച്ചുകാലം രാംകുമാർ താമസിച്ചിരുന്നു. ഇക്കാലത്താണ് രാംകുമാറിന് സ്വാതിയോടു പ്രണയം തോന്നിയത്. ഇക്കാര്യം രാംകുമാർ സ്വാതിയോടു തുറന്നു പറഞ്ഞു. പക്ഷേ, നിരാശയായിരുന്നു ഫലം. പ്രണയാഭ്യർത്ഥന നിരസിച്ച സ്വാതിയോടു രാംകുമാറിനു പകയായി. കൊല്ലപ്പെട്ട അന്നും രാംകുമാർ പ്രണയം തുറന്നു പറയാനാണ് നുങ്കമ്പാക്കം റെയിൽവെ സ്റ്റേഷനിലെത്തിയത്. എന്നാൽ, അന്നു ഇയാൾ എന്തൊക്കെയോ തീരുമാനിച്ചുറഞ്ഞിരുന്നു.
നുങ്കമ്പാക്കം റെയിൽവെ സ്റ്റേഷനിൽ ട്രെയിൻ കാത്തുനിന്ന സ്വാതിയുടെ അടുത്തെത്തി പ്രതി തന്റെ ഇഷ്ടം അറിയിച്ചു. എന്നാൽ, പതിവു പോലെ സ്വാതി ഇഷ്ടം നിരസിച്ചു. ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ വാഗ്വാദത്തിലേർപ്പെട്ടു. വാഗ്വാദത്തിനിടയിൽ ബാഗിൽ നിന്നും കത്തിയൂരി സ്വാതിയുടെ കഴുത്തിലും മുഖത്തും കുത്തുകയായിരുന്നു. സ്വാതി നിലത്ത് വീണപ്പോൾ സ്ഥലത്തു നിന്നും ഇയാൾ ഓടി രക്ഷപ്പെടുകയും ചെയ്തിരുന്നു. എന്നാൽ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പൊലീസ് ഇയാൾക്കായി തെരച്ചിൽ നടത്തിവരികയായിരുന്നു.
രാവിലെ 6.45 നായിരുന്നു സംഭവം നടന്നത്. തുടർന്ന് രണ്ടു മണിക്കൂറോളം സ്വാതി കുത്തേറ്റ് വീണ് റെയിൽവേ സ്‌റ്റേഷനിൽ കിടക്കുകയും ചെയ്തു. അക്രമി ഇതെല്ലാം ചെയ്തിട്ടും അയാളെ തടയാതെ പലരും അടുത്ത ട്രെയിനിൽ കയറി പോവുകയും ചെയ്തു. പോലീസ് എത്തിയത് മണിക്കൂറുകൾക്ക് ശേഷമായിരുന്ന. സ്വാതിയുടെ ശരീരം എക്‌സിബിഷൻ കാണുന്നത് പോലെ ആൾക്കാർ കണ്ടു നിന്നെന്നായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ പരാമർശം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam