ബലാല്‍സംഗക്കേസിലെ പ്രതികള്‍ക്ക് വധശിക്ഷ;  ദില്ലി വനിതാ കമ്മീഷൻ അദ്ധ്യക്ഷ നിരാഹാരസമരം ആരംഭിച്ചു

By Web DeskFirst Published Apr 14, 2018, 1:30 AM IST
Highlights
  • ബലാല്‍സംഗക്കേസിലെ പ്രതികള്‍ക്ക് വധശിക്ഷ നൽകാൻ നിയമനിർമാണം
  • പ്രധാനമന്ത്രി മൗനം പാലിക്കുന്നതില്‍ പ്രതിഷേധിച്ചാണ് സമരം

ദില്ലി: ബലാല്‍സംഗക്കേസിലെ പ്രതികള്‍ക്ക് വധശിക്ഷ നൽകാൻ നിയമനിർമാണം വേണമെന്നാവശ്യപ്പെട്ട്  ദില്ലി വനിതാ കമ്മീഷൻ അദ്ധ്യക്ഷ സ്വാതി മലിവാൾ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് നിരവധി  കത്തുകള്‍ നല്‍കിയിട്ടും പ്രധാനമന്ത്രി മൗനം പാലിക്കുന്നതില്‍ പ്രതിഷേധിച്ചാണ് സമരം.  രാജ്ഘട്ടിന് സമീപം പ്രത്യേകം പന്തല് കെട്ടി ഉച്ചയോടെയാണ് സ്വാതി മലിവാള്‍ സമരം തുടങ്ങിയത്. പിന്തുണ പ്രഖ്യാപിച്ച് നൂറ് കണക്കിന് സ്ത്രീകളും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. 

അക്രമം നടന്ന് ആറ് മാസത്തിനുള്ളില്‍ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കി  ബലാല്‍സംഗ കേസിലെ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണം എന്നാണ് സ്വാതിയുടെ ആവശ്യം. ഇക്കാര്യത്തില്‍ നടപടികള്‍ ആവശ്യപ്പെട്ട്  രണ്ടരവര്‍ഷത്തിനുള്ളില്‍ നിരവധി കത്തുകള്‍ പ്രധാനമന്ത്രിക്ക് നല്‍കി. അഞ്ചര ലക്ഷം വനിതകള്‍ ഒപ്പിട്ട നിവേദനവും നല്കി .എന്നിട്ടും ഫലമില്ലാത്ത സാഹചര്യത്തിലാണ് അനിശ്ചിതകാല നിരഹാര സമരമെന്ന് സ്വാതി പറഞ്ഞു. ഇതേ ആവശ്യമുന്നയിച്ച് സ്വാതി മലിവാള്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കും കത്തയച്ചിരുന്നു. ഇത് ഹര്‍ജിയായി ഉടന്‍ പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സ്വാതി പറഞ്ഞു. 

click me!