ജലവിമാന ദുരന്തത്തില്‍ മരിച്ചത് ലോകത്തിലെ ഏറ്റവും വലിയ കാറ്ററിംഗ് സ്ഥാപനത്തിന്റെ മേധാവി

By Web DeskFirst Published Jan 1, 2018, 5:01 PM IST
Highlights

ലണ്ടന്‍: പുതുവല്‍സരാഘോഷത്തിനിടെ ഓസ്‍ട്രേലിയയിലെ സിഡ്നിയിലുണ്ടായ ജലവിമാന ദുരന്തത്തില്‍ മരിച്ചവരില്‍ ലോകത്തെ ഏറ്റവും വലിയ കാറ്ററിംഗ് സ്ഥാപനമായ കോംപസ് ഗ്രൂപ്പിന്റെ സി ഇ ഒ റിച്ചാര്‍ഡ് കസിന്‍സും(58). റിച്ചാര്‍ഡിന്റെ മക്കളായ വില്യം (25), എഡ്വേര്‍ഡ് (23) എന്നിവരും ഇവരോടൊപ്പമുണ്ടായിരുന്ന സുഹൃത്ത് എമ്മ ബൌഡനും (48) അവരുടെ 11 വയസുള്ള മകളും വിമാനത്തിന്റെ പൈലറ്റുമാണ് ദുരന്തത്തിന് ഇരയായത്.

ബ്രിട്ടണിലെ സറെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോംപസ് ഗ്രൂപ്പ് 2006 മുതല്‍ ലോകത്തെ ഏറ്റവും വലിയ കാറ്ററിംഗ് സര്‍വീസ് കമ്പനിയാണ്. പതിനൊന്നു വര്‍ഷം കമ്പനിയെ നയിച്ചതിനു ശേഷം മാര്‍ച്ചില്‍ സ്ഥാനമൊഴിയാനിരിക്കുകയായിരുന്നു അമ്പത്തെട്ടുകാരനായ റിച്ചാര്‍ഡ്‌സ്.

സിഡ്നിക്ക് 50 കിലോമീറ്റര്‍ വടക്ക് കോവന്‍ സബേര്‍ബില്‍ ഹാവ്കെസ്ബറി നദിയിലാണ് വിമാനം തകര്‍ന്നുവീണത്. നദിയില്‍ 43 അടി ആഴത്തില്‍ വെള്ളമുണ്ടായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. സി‍ഡ്നി സീപ്ലെയിന്‍സ് എന്ന കമ്പനിയുടേതാണ് വിമാനമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഓസ്‍ട്രേലിയയിലെ ഏറ്റവും പ്രശസ്തമായ ടൂര്‍ ഓപ്പറേറ്ററാണ് സി‍ഡ്നി സീപ്ലെയിന്‍സ് കമ്പനി. സിഡ്നിയിലെ പുതുവല്‍സരാഘോഷങ്ങള്‍ നടക്കുന്ന സ്ഥലങ്ങള്‍ സഞ്ചാരികളെ കാണിക്കാനുള്ള വിമാനമായിരുന്നു ഇത്. അപകടകാരണം വ്യക്തമല്ല. സിഡ്നിയിലെത്തുന്ന പ്രശസ്തവ്യക്തികള്‍ വിനോദ സഞ്ചാരത്തിനായി സിഡ്നി സീപ്ലെയിന്‍സ് കമ്പനിയെയാണ് ആശ്രയിക്കുന്നത്.

click me!