
സിറിയയില്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന് വിമതര്‍ക്ക് മേല്‍ നിര്‍ണ്ണായക മുന്‍തൂക്കം. വിമതരുടെ നിയന്ത്രണത്തിലുള്ള സിറിയന്‍ പട്ടണമായ അലെപ്പോയുടെ പടിഞ്ഞാറന്‍ മേഖലയിലേക്കുള്ള അവസാന പാതയും അസദ് അനുകൂല സൈന്യം അടച്ചു. അവശ്യസാധനങ്ങള്‍ കിട്ടാതാകുന്നതോടെ വിമതരെ തുരത്തുന്നത് എളുപ്പമാവുമെന്നാണു സൈന്യത്തിന്റെ കണക്കുകൂട്ടല്‍.
ഒരിക്കല്‍ സിറിയയിലെ ഏറ്റവും വലിയ നഗരമായിരുന്ന അലെപ്പോ ഇപ്പോള്‍ രണ്ട് രാജ്യങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശമെന്നോണം രണ്ടായി മുറിഞ്ഞുപോയിരിക്കുന്നു. പടിഞ്ഞാറന്‍ മേഖല വിമതരുടേയും കിഴക്കന്‍ മേഖല അസദ് അനുകൂല സൈന്യത്തിന്റേയും നിയന്ത്രണത്തിലാണ്. വാര്‍ത്താമാധ്യമങ്ങള്‍ക്കും ഏജന്‍സികള്‍ക്കും കടുത്ത നിയന്ത്രണവും വിലക്കുമുള്ളതുകൊണ്ട് സിറിയയിലെ സംഘര്‍ഷമേഖലകളുടെ യഥാര്‍ത്ഥ ചിത്രം പലപ്പോഴും വൈകിയാണ് പുറത്തുവരുന്നത്.
ഈ മാസം തുടക്കം മുതല്‍ പടിഞ്ഞാറന്‍ അലെപ്പോയെ സൈന്യം ഏതാണ്ട് പൂര്‍ണ്ണമായും ഉപരോധിച്ചിരിക്കുകയാണെന്ന് സിറിയയില്‍ പ്രവര്‍ത്തിക്കുന്ന ബ്രിട്ടിഷ് ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് പറയുന്നു. ഇവിടേക്ക് ഭക്ഷണവും ഇന്ധനവും മരുന്നുകളുമടക്കം എല്ലാ വസ്തുവകകളും എത്തുന്ന കാസ്റ്റെല്ലോ പാത സൈന്യം അടച്ചതായാണ് വിവരം. 2, 50,000 ഓളം സാധാരണക്കാരാണ് ഇവിടെ ഇപ്പോള്‍ കുടുങ്ങിക്കിടക്കുന്നത്.
സര്‍ക്കാര്‍ അനുകൂല സേന ഈ പ്രദേശത്തേക്ക് നിര്‍ണ്ണായക മുന്നേറ്റം നടത്തിയതായും അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. വിമതരോട് ആയുധം താഴെ വച്ച് കീഴടങ്ങാന്‍ സിറിയന്‍ സൈന്യത്തിന്റെ ജനറല്‍ കമാന്‍ഡര്‍ ആവശ്യപ്പെട്ടു. ഉപോരോധിച്ചിരിക്കുന്ന മേഖലകളില്‍ നിന്ന് സാധാരണക്കാര്‍ക്ക് രക്ഷപ്പെടാന്‍ സുരക്ഷിതപാതയൊരുക്കുമെന്നും സിറിയന്‍ ദേശീയ വാര്‍ത്താ ഏജന്‍സിയായ സനാ റിപ്പോര്‍ട്ട് ചെയ്തു.
ഇത് യുദ്ധകാഹളമായിത്തന്നെയാണ് അന്താരാഷ്ട്ര നിരീക്ഷകര്‍ കരുതുന്നത്. സമാധാനശ്രമങ്ങള്‍ പരാജയപ്പെട്ടശേഷം നടന്ന വിവിധ സംഘര്‍ഷങ്ങളിലായി നൂറുകണക്കിന് വിമതരും സാധാരണക്കാരുമാണ് ഈ മേഖലയില്‍ മരിച്ചത്. സൈന്യം നടത്തിയ ഹെലികോപ്ടര്‍ ആക്രമണങ്ങളില്‍ കഴിഞ്ഞ ഒരാഴ്ചയായി നൂറോളം പേര്‍ക്ക് ഇവിടെ ജീവന്‍ നഷ്ടമായി.
തടസപ്പെട്ട സന്ധിസംഭാഷണങ്ങള്‍ വീണ്ടും തുടങ്ങാന്‍ ഐക്യരാഷ്ട്രസഭ ശ്രമിക്കുന്നതിനിടെയാണ് സൈന്യം വീണ്ടും പോര്‍മുഖം തുറക്കുന്നത്. അലെപ്പോയുടെ നിയന്ത്രണം പൂര്‍ണ്ണമായി പിടിച്ചെടുക്കാനായാല്‍ അത് പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെ സംബന്ധിച്ച് വലിയ വിജയമാകും. അഞ്ചുവര്‍ഷമായി തുടരുന്ന സിറിയന്‍ ആഭ്യന്തരയുദ്ധത്തില്‍ ഇതുവരെ 2,80,000 പേര്‍ മരിച്ചതായാണ് കണക്ക്. 4.8 ദശലക്ഷം സിറിയക്കാര്‍ ഈ അഞ്ചുവര്‍ഷം കൊണ്ട് അഭയാര്‍ത്ഥികളായി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam