സിറിയന്‍ ലെബനന്‍ അതിര്‍ത്തിയില്‍ തണുത്തുറഞ്ഞ് മരിച്ചത് 10 അഭയാര്‍ത്ഥികള്‍

By Web deskFirst Published Jan 20, 2018, 9:03 AM IST
Highlights

ബൈറൂട്ട്: സിറിയയില്‍ നിന്ന് ലെബനനിലേക്കുള്ള പലായനത്തിനിടെ തണുത്തുറഞ്ഞ് 10 അഭയാര്‍ത്ഥികള്‍ മരിച്ചു. സിറിയയില്‍നിന്ന് അനധികൃതമായി ലെബനനിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അഭയാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം സംഭവിച്ചത്. 

9 പേരുടെ മൃതദേഹമാണ് മഞ്ഞില്‍ പുതഞ്ഞ നിലയില്‍ കണ്ടെത്തിയത്. മഞ്ഞില്‍നിന്ന് ലെബനന്‍ ആര്‍മി രക്ഷിച്ച ആറുപേരില്‍ ഒരാള്‍ ആശുപത്രിയില്‍ മരിച്ചു. കൂടുതല്‍ പേര്‍ മഞ്ഞില്‍ കുടുങ്ങിക്കിടക്കുന്നുണ്ടാകാമെന്നതിനാല്‍ ആര്‍മി തെരച്ചില്‍ തുടരുകയാണ്. അഭയാര്‍ത്ഥികളെ അനധികൃതമായി കൊണ്ടുവന്നതിന്റെ പേരില്‍ രണ്ട് സിറിയക്കാരെ ലെബനന്‍ ആര്‍മി അറസ്റ്റ് ചെയ്തു. 

ചരക്കുകള്‍ അനധികൃതമായി കടത്തുന്നതും അഭയാര്‍ത്ഥികളെ അനധികൃതമായി എത്തിക്കുന്നതും ഈ അതിര്‍ത്തി വഴിയാണ്. ലെബനന്‍ അധികൃതര്‍ക്ക് മുന്നില്‍ കൃത്യമായ കാരണം ബോധിപ്പിച്ചാല്‍ രാജ്യത്തേക്ക് പ്രവേശിക്കാം. എന്നാല്‍ ഇതിന് അപേക്ഷ നല്‍കണം. 

ആഭ്യന്തര കലാപം നിലനില്‍ക്കുന്ന സിറിയയില്‍നിന്ന് നിരവധി പേരാണ് ലെബനനിലേക്ക് പലായനം ചെയ്യുന്നത്. അനധികൃതമായി കടക്കുന്നവരില്‍ പലരും അറസ്റ്റ് ചെയ്യപ്പെടാറുമുണ്ട്.
 

click me!