
ജഡ്ജിമാരുടെ നിയമനത്തില്‍ വീണ്ടും സുപ്രീംകോടതിയും കേന്ദ്രസര്‍ക്കാരും തമ്മില്‍ ഏറ്റുമുട്ടല്‍. കൊളീജിയത്തിന്‍റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിന് കേന്ദ്രസര്‍ക്കാറിനെ സുപ്രീംകോടതി വിമര്‍ശിച്ചു.
ചീഫ് ജസ്റ്റിസ് പദവിയില്‍ നിന്ന് നാളെ വിരമിക്കാനിരിക്കെയാണ് കേന്ദ്രസര്‍ക്കാരിനെതിരെ ടി എസ് ഠാക്കൂര്‍ വീണ്ടും വിമര്‍ശനം ഉന്നയിച്ചത്. ജഡ്ജിമാരുടെ നിയമനവും സ്ഥലംമാറ്റവും വൈകുന്നതെന്തുകൊണ്ടാണെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് അറ്റോണി ജനറലിനോട് ചോദിച്ചു. ജഡ്ജിമാരുടെ നിയമനത്തിലും സ്ഥലം മാറ്റത്തിലും കൊളീജിയം പത്ത് മാസം മുമ്പ് കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എന്നാല്‍ റിപ്പോര്‍ട്ടിന് മുകളില്‍ കേന്ദ്രസര്‍ക്കാര്‍ അടയിരിക്കുകയാണെന്നും കോടതി വിമര്‍ശിച്ചു. സ്ഥലം മാറ്റാനുള്ള ജഡ്ജിമാരുടെ പട്ടികയില്‍ കേന്ദ്രസര്‍ക്കാരിന് അതൃപ്‍തിയുണ്ടെങ്കില്‍ തിരിച്ചയയ്‍ക്കാം. അല്ലാതെ സ്ഥലംമാറ്റം വച്ചുതാമസിപ്പിക്കുകയല്ല വേണ്ടതെന്നും കോടതി വിമര്‍ശിച്ചു. ജഡ്ജിമാരുടെ സ്ഥലംമാറ്റത്തെകുറിച്ച് പൂര്‍ണമായ വിവരം കൈവശമില്ലെന്നും നിയമനക്കാര്യത്തില്‍ മൂന്നാഴ്ച സമയം വേണമെന്നും അറോണി ജനറല്‍ മുകുള്‍റോത്തകി ആവശ്യപ്പെട്ടു. എന്നാല്‍ ജഡ്ജി നിയമനത്തിന്‍റേയും സ്ഥലംമാറ്റത്തിന്‍റേയും പുരോഗതി അറിയിക്കാന്‍ രണ്ടാഴ്ച സമയമാണ് സുപ്രീംകോടതി അനുവദിച്ചത്. കൊളീജിയം ശുപാര്‍ശ ചെയ്ത ജഡ്ജിമാരുടെ പട്ടികയില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കിയ ജഡ്ജിമാരെ കൂടി ഉള്‍പ്പെടുത്തി പട്ടിക സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന് നേരത്തെ തിരിച്ചയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂറും കേന്ദ്രസര്‍ക്കാരും വീണ്ടും കൊമ്പ് കോര്‍ത്തത്. മറ്റൊരു കേസില്‍ തുടര്‍ച്ചയായി ഓര്‍ഡിനന്‍സ് പുറത്തിറക്കുന്നതിനേയും സുപ്രീംകോടതി വിമര്‍ശിച്ചു. ഓര്‍ഡിനന്‍സുകളെല്ലാം കോടതിയുടെ പരിഗണനയ്‌ക്ക് വിടണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam