
ജിദ്ദ: സൗദിയിലെ തായിഫിൽ അന്താരാഷ്ട്ര വിമാനത്താവളം നാല് വർഷം കൊണ്ട് യാഥാർത്ഥ്യമാകും. ഹജ്ജ് ഉംറ തീർത്ഥാടകർക്ക് കൂടി പ്രയോജനപ്പെടുന്ന പുതിയ വിമാനത്താവളത്തിന്റെ പണി ഉടൻ ആരംഭിക്കും. തായിഫ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പണി രണ്ട് മാസം കൊണ്ട് ആരംഭിക്കുമെന്ന് മക്കാ ഗവര്‍ണര്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്‍ അറിയിച്ചു.
2020 ആകുമ്പോഴേക്കും വിമാനത്താവളം യാത്രക്കാര്ക്ക് ഉപയോഗിക്കാനാകും എന്നാണു പ്രതീക്ഷ. വിഷന്‍ 2030പദ്ധതിയുടെ ഭാഗമായി മക്കാ പ്രവിശ്യയില്‍ ആദ്യം പണി പൂര്‍ത്തിയാകുന്ന ഏറ്റവും വലിയ പദ്ധതിയായിരിക്കും തായിഫിലെ പുതിയ വിമാനത്താവളം. തായിഫിന്റെ വടക്ക് കിഴക്ക് ഭാഗത്ത് ഒകാസ് സൂഖിന് സമീപത്താണ് പുതിയ വിമാനത്താവളം വരുന്നത്. തായിഫ് നഗരത്തില്‍ നിന്നും 48 കിലോമീറ്റര്‍ അകലെ 4,80,00000 സ്ക്വയര്‍ മീറ്റര്‍ വിസ്തൃതിയിലാണ് എയര്‍പോര്‍ട്ട് നിര്‍മിക്കുന്നത്. ബി.ഒ.ടി അടിസ്ഥാനത്തിലാണ് വിമാനത്താവളത്തിന്റെ നിര്‍മാണം.
വര്‍ഷത്തില്‍ 50 ലക്ഷത്തോളം യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷി വിമാനത്താവളത്തിനുണ്ടാകും. മക്കയോട് ഏതാണ്ട് അടുത്തുള്ള വിമാനത്താവളം ആയതിനാല്‍ ഹജ്ജ് ഉംറ തീര്‍ഥാടകര്‍ക്കും ഈ വിമാനത്താവളം ഉപയോഗിക്കാനാകും. വരും വര്‍ഷങ്ങളില്‍ മൂന്നു കോടി ഉംറ തീര്‍ഥാടകര്‍ സൗദിയില്‍ എത്തുമെന്നാണ് പ്രതീക്ഷ. ഖുന്‍ഫുദയില്‍ പുതിയ വിമാനത്താവളം പണിയാനുള്ള സ്ഥലം ജനറല്‍ അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷന് കൈമാറിയതായും ഗവര്‍ണര്‍ അറിയിച്ചു. ഈ വിമാനത്താവളത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളും ഉടന്‍ ആരംഭിക്കും. ജിദ്ദയില്‍ പുതിയ വിമാനത്താവളത്തിന്റെ പണി അടുത്ത വര്‍ഷം പൂര്‍ത്തിയാകുമെന്ന് ഗതാഗത മന്ത്രി അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam