ആട് മോഷണം മുതല്‍ കൊലപാതകം വരെ; ആട് ആന്റണിയുടെ കഥ

Published : Jul 27, 2016, 04:48 PM ISTUpdated : Oct 05, 2018, 03:14 AM IST
ആട് മോഷണം മുതല്‍ കൊലപാതകം വരെ; ആട് ആന്റണിയുടെ കഥ

Synopsis

കൊല്ലം: കേരള പൊലീസിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും പ്രമാദമായ കേസിലാണ് കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് വിധിപറഞ്ഞത്. ഒരിക്കലും പിടികൂടില്ലെന്ന് കരുതിയ ആട് ആന്റണിക്ക് നാലുവര്‍ഷത്തിന് ശേഷം കടുത്ത ശിക്ഷ തന്നെ ഉറപ്പാക്കാനും പൊലീസിനായി.

ആടിനെ മോഷ്ടിച്ചിരുന്നതിനാലാണ് കുണ്ടറ പടപ്പക്കര സ്വദേശി ആന്റണിക്ക് ആട് ആന്റണി എന്ന പേരുവന്നത്. പിന്നീട് ഇലക്ട്രിക് ഉപകരണങ്ങളിലേക്ക് തിരിഞ്ഞു. കമ്പ്യൂട്ടര്‍ സാമഗ്രികള്‍ മോഷ്ടിക്കാന്‍ വിരുതനായ ഇയാള്‍ പാര്‍ട്‌സുകളാക്കി മാരുതി വാനില്‍ കടത്തിക്കൊണ്ടുപോവുകയാണ് പതിവ്. 

2012 ജൂണ്‍ 26 നാണ് കേസിനാസ്പദമായി സംഭവം നടന്നത്. കൊല്ലം പാരിപ്പള്ളിയില്‍ മോഷണം നടത്തി വാനില്‍ വന്ന ആട് ആന്റണിയെ പാരിപ്പള്ളി സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ജോയി, പൊലീസ് ഡ്രൈവര്‍ മണിയന്‍പിള്ള എന്നിവര്‍ ചേര്‍ന്ന് തടഞ്ഞു. വാനിലുണ്ടായിരുന്ന കമ്പിപ്പാര എടുത്ത് ആന്റണി ജോയിയേയും മണിയന്‍പിള്ളയെയും കുത്തി. മണിയന്‍പിള്ള തല്‍ക്ഷണം മരിച്ചു. ജോയി പരിക്കുകളോടെ തലനാരിഴക്ക് രക്ഷപ്പെട്ടു. 

വര്‍ക്കല അയിരൂര്‍ ഭാഗത്തേക്ക് വാന്‍ ഓടിച്ചു പോയ ആട് ആന്റണി കണ്ണമ്പ്രക്ക് സമീപം വാന്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. ഓമ്‌നി വാനിന്റെ നമ്പര്‍, വണ്ടിയിലുണ്ടായിരുന്ന വിരലടയാളം എന്നിവ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ആളെ തിരിച്ചറിഞ്ഞത്. പ്രതിക്കായി അന്വേഷണം കേരളത്തിലും തമിഴ്‌നാട്ടിലും ഊര്‍ജിതമാക്കി.  പ്രതിയെ പിടികൂടാന്‍ നിരവധി പദ്ധതികള്‍ പൊലീസ് ആസൂത്രണം ചെയ്തു. ഒന്നും വിജയം കണ്ടില്ല. 

പൊലീസിനെ കബളിപ്പിക്കാന്‍ വേഷം മാറി സഞ്ചരിച്ചിരുന്ന ആന്റണിയുടെ മൊബൈല്‍ ഫോണ്‍ ഉപയോഗവും പരിമിതമായിരുന്നു.  മൂന്നു വര്‍ഷം നീണ്ട അന്വേഷണത്തിനൊടുവില്‍ 2015 ഒക്ടോബര്‍ 13ന് പാലക്കാട് ഗോപാലപുരത്തു നിന്ന് പ്രത്യേക അന്വേഷണസംഘം ആട് ആന്റണിയെ പിടികൂടി. കഴിഞ്ഞമാസം 14ന് കൊല്ലം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ജോര്‍ജ് മാത്യു മുമ്പാകെ ആരംഭിച്ച വിചാരണ ഈ മാസം 8 ന് പൂര്‍ത്തിയായി. 

കേസില്‍ പ്രോസിക്യൂഷന്‍ 30 സാക്ഷികളെ കോടതിയില്‍ ഹാജരാക്കി. കൂടാതെ 72 രേഖകളും 38 തൊണ്ടിമുതലുകളും തെളിവായും എത്തിച്ചു. ആട് ആന്റണി ഓടിച്ചിരുന്ന വാനിലെ വിരലടയാളവും രക്തക്കറയുമാണ് അന്വേഷണത്തില്‍ നിര്‍ണ്ണായകമായത്. 

സംഭവം നടക്കുമ്പോള്‍ താന്‍ കേരളത്തില്‍ ഇല്ലന്നായിരുന്നു പ്രതിയുടെ വാദം. എന്നാല്‍ പാചകവാതക കണക്ഷനുവേണ്ടി പ്രതി കൊടുത്ത അപേക്ഷയുടെ കോപ്പി തെളിവായി ഹാജരാക്കിയാണ് പ്രോസിക്യൂഷന്‍ ഈ വാദത്തെ എതിര്‍ത്തത്. ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ട ഗ്രേഡ് എസ്.ഐ ജോയി കേസില്‍ നിര്‍ണായക സാക്ഷിയായിരുന്നു.

PREV
KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

കലാമണ്ഡലം കനകകുമാർ ചെന്നൈയിലെന്ന് രഹസ്യവിവരം; 5 പോക്സോ കേസുകളിലെ പ്രതി, കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ പ്രതി പിടിയിൽ
എയർ ഇന്ത്യക്കും ആകാസക്കും കോളടിച്ചു! ഇൻഡിഗോക്കെതിരെ കേന്ദ്ര സർക്കാർ നടപടി, 5 % സർവ്വീസുകൾ മറ്റ് വിമാനകമ്പനികൾക്ക് നൽകി