മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 152 അടിയാക്കണമെന്നു തമിഴ്‌നാട്

By Asianet NewsFirst Published Jun 14, 2016, 12:55 PM IST
Highlights

ദില്ലി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തണമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയോട് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ആവശ്യപ്പെട്ടു. പമ്പ - അച്ചന്‍കോവിലാര്‍ - വൈപ്പാര്‍ നദീ സംയോജന പദ്ധതി നടപ്പിലാക്കണമെന്നും ദില്ലിയില്‍ നരേന്ദ്രമോദിയുള്ള കൂടിക്കാഴ്ചയില്‍ ജയലളിത ആവശ്യപ്പെട്ടു. ചരക്കു സേവന നികുതി ബില്‍ രാജ്യസഭയില്‍ പാസാക്കുന്നതിനു പ്രധാനമന്ത്രി ജയലളിതയുടെ പിന്തുണ തേടിയാണു സൂചന.

രണ്ടാം തവണയും അധികാരത്തിലെത്തിയശേഷം ആദ്യമായി ദില്ലിയിലെത്തിയതായിരുന്ന ജയലളിത. 32 പേജുള്ള നിവേദനം ജയലളിത പ്രധാനമന്ത്രിക്കു കൈമാറി. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയായി ഉയര്‍ത്തണമെന്നു നിവേദനത്തില്‍ ആവശ്യപ്പെടുന്നു. ഡാമിലെ അറ്റക്കുറ്റപ്പണികള്‍ പൂര്‍ത്തിയായെന്നും അണക്കെട്ട് ബലപ്പെട്ടുവെന്നും ജയലളിത വ്യക്തമാക്കി .ബേബി ഡാം 7.25 കോടി രൂപ മുടക്കി ബലപ്പെടുത്തിയെന്നും ബേബി ഡാമിനു സമീപത്തുള്ള 23 മരങ്ങള്‍ മുറിക്കുന്നതിനു പരിസ്ഥിതി അനുമതി നല്‍കണമെന്നും ജയലളിത മോദിയോട് ആവശ്യപ്പെട്ടു.

ജെല്ലിക്കെട്ട് പുനരാരംഭിക്കാന്‍ അനുമതി നല്‍കണമെന്നും കര്‍ണാടകവുമായുള്ള നദീജലതര്‍ക്കം പരിഹരിക്കുന്നതിന് കാവേരി മാനേജ്‌മെന്റ് ബോര്‍ഡിന് രൂപീകരിക്കണമെന്നും ഏകീകൃത മെഡക്കല്‍ പ്രവേശപരീക്ഷയായ നീറ്റില്‍ നിന്നും തമിഴ്‌നാടിനെ ഒഴിവാക്കണമെന്നും മോദിക്ക് ജയലളിത സമര്‍പ്പിച്ച 29 ആവശ്യങ്ങളടങ്ങിയ നിവേദനത്തിലുണ്ട്.

അതേ സമയം ചരക്ക് സേവന നികുതി ബില്‍ രാജ്യസഭയില്‍ പാസാക്കുന്നതിന് എഐഎഡിഎംകെയുടെ പിന്തുണ പ്രധാനമന്ത്രി തേടി. ഇതിന് ബില്ലിന്മേലുള്ള സംസ്ഥാനത്തിന്റെ ആശങ്ക പരിഹരിക്കണമെന്നു ജയലളിത മോദിയോട് ആവശ്യപ്പെട്ടു.

click me!