ഇന്‍ഫോസിസ് ജീവനക്കാരിയെ കൊലപ്പെടുത്തിയ ആള്‍ ഒരു മാസമായി ശല്യം ചെയ്തിരുന്നെന്നു പിതാവ്

By Web DeskFirst Published Jun 28, 2016, 11:12 PM IST
Highlights

സ്വാതി കൊലക്കേസില്‍ അന്വേഷണം റെയില്‍വേ പൊലീസില്‍ നിന്ന് ഏറ്റെടുത്ത സിറ്റി പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം സ്വാതിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തി. കഴിഞ്ഞ ഒരു മാസമായി  അജ്ഞാതനായ ഒരാള്‍ തന്നെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തുന്നതായി സ്വാതി പരാതിപ്പെട്ടിരുന്നുവെന്ന് അച്ഛന്‍ സന്താന ഗോപാലകൃഷ്ണന്‍ പൊലീസിന് മൊഴി നല്‍കി. ഇതേത്തുടര്‍ന്ന് താന്‍ നേരിട്ടാണ് സ്വാതിയെ റെയില്‍വേസ്റ്റേഷന്‍ വരെയും അവിടെ നിന്ന് വീടു വരെയും അനുഗമിച്ചിരുന്നതെന്ന് അച്ഛന്‍ പൊലീസിനോട് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്വാതി സ്ഥിരമായി യാത്ര ചെയ്തിരുന്ന വഴികളിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു വരികയാണ്. ഇതില്‍ നിന്ന് കൊലയാളിയെക്കുറിച്ചുള്ള തുമ്പ് ലഭിയ്‌ക്കുമെന്നാണ് പൊലീസിന്‍റെ പ്രതീക്ഷ. സ്വാതിയുടെ ഫേസ്ബുക്ക് അക്കൗണ്ടും പൊലീസ് പരിശോധിയ്‌ക്കുന്നുണ്ട്. അന്വേഷണത്തില്‍ വിശ്വാസമുണ്ടെന്ന് സ്വാതിയുടെ അച്ഛന്‍ പ്രതികരിച്ചു.

ഇതിനിടെ, തന്റെ ഫോട്ടോയില്‍ നഗ്നചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ഫേസ്ബുക്ക് വഴി പ്രചരിപ്പിച്ചതില്‍ മനംനൊന്ത് സേലത്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. മകുടന്‍ ചാവടി സ്വദേശിനി വിനുപ്രിയയാണ് മരിച്ചത്. സംഭവത്തില്‍ പരാതിപ്പെട്ടെങ്കിലും പൊലീസ് കേസെടുക്കാന്‍ വിസമ്മതിച്ചുവെന്ന് പെണ്‍കുട്ടിയുടെ അച്ഛനമ്മമാര്‍ ആരോപിച്ചു. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സ്‌ത്രീ സുരക്ഷ വിലയിരുത്താന്‍ മുഖ്യമന്ത്രി ജയലളിത ഉന്നതപൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു.

click me!