തമിഴ്നാട്ടില്‍ സ്ത്രീകള്‍ക്ക് പകുതി വിലയ്ക്ക് സ്കൂട്ടര്‍

By Web DeskFirst Published Feb 25, 2018, 4:20 PM IST
Highlights

ചെന്നൈ: ഉദ്ദ്യോഗസ്ഥകളായ വനിതകള്‍ക്ക് തമിഴ്നാട്ടില്‍ ഇനി പകുതി വിലയ്ക്ക് സ്കൂട്ടര്‍ വാങ്ങാം. ജയലളിതയുടെ 70-ാം ജന്മദിനത്തോടനുബന്ധിച്ചാണ് പുതിയ പദ്ധതിയുടെ പ്രഖ്യാപനം നടന്നത്. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി സ്കൂട്ടറുകളുടെ വിതരണം ഉദ്ഘാടനം ചെയ്തു. 

സ്കൂട്ടറുകളുടെ വിലയില്‍ 50 ശതമാനം സബ്‍സിഡി നല്‍കുന്നതാണ് തമിഴ്നാട് സര്‍ക്കാറിന്റെ പദ്ധതി. ഉദ്ദ്യോഗസ്ഥകളായ വനികകള്‍ക്ക് മോപ്പഡ് അല്ലെങ്കില്‍ 126 സി.സിയില്‍ താഴെയുള്ള ഓട്ടോമാറ്റിക് സ്കൂട്ടറുകളാണ് പദ്ധതി പ്രകാരം വാങ്ങാന്‍ കഴിയുക. വിലയുടെ പകുതിയോ അല്ലെങ്കില്‍ 25,000 രൂപയോ (ഏതാണോ കുറവ്, അത്) സര്‍ക്കാര്‍ നല്‍കും. 126 സി.സിയില്‍ താഴെയുള്ള ഇഷ്ടമുള്ള വാഹനം ഗുണഭോക്താവിന് തന്നെ തീരുമാനിക്കാം. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജയലളിതയാണ് ഇത്തരമൊരു പദ്ധതി പ്രഖ്യാപിച്ചത്. സ്കൂട്ടര്‍ സബ്സിഡിക്ക് പുറമെ നിര്‍ധനരായ സ്ത്രീകള്‍ക്കുള്ള പ്രസവ ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിച്ചു. ഇവയടക്കമുള്ള അഞ്ച് പദ്ധതികള്‍ക്കായി 200 കോടിയാണ് സംസ്ഥാന സര്‍ക്കാറിന് ചിലവ്.

പദ്ധതികളുടെ ചിലവ് പൂര്‍ണ്ണമായും സംസ്ഥാന സര്‍ക്കാറാണ് വഹിക്കുന്നതെങ്കിലും കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. തമിഴ്നാട്ടിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ കൂടി പരിഗണിച്ച്, കേന്ദ്ര സര്‍ക്കാറിന് ഏറെ താത്പര്യമുള്ള സംസ്ഥാനമാണ് തമിഴ്നാടെന്ന ധാരണ പങ്കുവെക്കാൻ ആയിരുന്നു പ്രധാനമായും മോദിയുടെ സന്ദർശനം. 

click me!