ഓണ്‍ലൈന്‍, പ്രീപെയ്ഡ് ടാക്സി സംഘർഷം; നെടുമ്പാശേരിയില്‍ ടാക്സി പണിമുടക്ക്

By Web DeskFirst Published Oct 12, 2017, 4:30 PM IST
Highlights

കൊച്ചി: ഓൺലൈൻ ടാക്സി ഡ്രൈവർമാരും പ്രീപെയ്ഡ് ടാക്സി ഡ്രൈവർമാരും തമ്മിലുള്ള സംഘർഷത്തെ തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ടാക്സികൾ പണിമുടക്കി. വിമാനത്താവളത്തിലെത്തിയ യാത്രക്കാർ വലയാതിരിക്കാൻ പൊലീസിന്‍റെയും സിഐഎസ്എഫിന്‍റെയും വാഹനങ്ങളിൽ ബദൽ യാത്രാസൗകര്യം ഒരുക്കി.

വിമാനത്താവളത്തിലെത്തുന്ന ഓൺലൈൻ ടാക്സികൾ മടക്കയാത്രയിൽ അകത്ത് നിന്ന് യാത്രക്കാരെ കയറ്റിയതിനെതിരെ പ്രീപെയ്ഡ് ടാക്സി ഡ്രൈവർമാർ സംഘടിതമായി രംഗത്തെത്തിയതാണ് സംഘർഷത്തിലേക്ക് നയിച്ചത്. ഇന്നലെ രാത്രി ഇരുകൂട്ടരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 12 പേർക്ക് പരിക്കേറ്റിരുന്നു. ഇന്ന് രാവിലെയും ഇരുകൂട്ടരും തമ്മിൽ നേരിയ സംഘർഷമുണ്ടായി. ഇതേ തുടർന്ന് വിമാനത്താവളത്തിലെ പ്രീപെയ്ഡ് ടാക്സി ഡ്രൈവർമാരും പരിസത്ത് ഓടുന്ന ഓൺലൈൻ ടാക്സി ഡ്രൈവർമാരും പണിമുടക്കിയതോടെ യാത്രക്കാർ വലയാതിരിക്കാൻ ബദൽ യാത്രാസൗകര്യമൊരുക്കി.

പൊലീസിന്‍റെയും സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫിന്‍റെയും വാഹനങ്ങളിൽ ബസ്,ടാക്സി സ്റ്റാൻഡുകളിലേക്കും റെയിൽവേസ്റ്റേഷനിലേക്കുമാണ് യാത്രക്കാരെ എത്തിച്ചത്. രാവിലെ പണിമുടക്കിയെങ്കിലും വൈകീട്ടോടെ ഓൺലൈൻ ടാക്സികൾ നിരത്തിലിറങ്ങി. വിമാനത്താവളത്തിലെ പ്രീപെയ്ഡ് ടാക്സി ഡ്രൈവർമാരുമായി വിമാനത്താവള അധികൃതർ ചർച്ച നടത്തിയെങ്കിലും പ്രശ്നങ്ങൾ പരിഹരിക്കാനായിട്ടില്ല. സംഘർഷങ്ങളിൽ കേസെടുത്ത് അന്വേഷണം നടത്തുമെന്ന് നെടുമ്പാശ്ശേരി പൊലീസ് അറിയിച്ചു. വിമാനത്താവളത്തിൽ 680ഓളം പ്രീപെയ്ഡ് ടാക്സികളുണ്ട്. വിമാനത്താവളത്തിന് പരിസരത്തായി 200ഓളം ഓൺലൈൻ ടാക്സികളും ഓടുന്നുണ്ട്. യാത്രക്കാരുമായി എത്തുന്ന ഓൺലൈൻ ടാക്സികൾ മടക്കയാത്രയിൽ വിമാനത്താവളത്തിനകത്ത് നിന്ന് യാത്രക്കാരെ കയറ്റുന്നതിനാൽ തങ്ങൾക്ക് ഓട്ടം കുറയുന്നുവെന്നാണ് പ്രീപെയ്ഡ് ടാക്സിക്കാരുടെ പരാതി.

click me!