
ഇടുക്കി: നെടുങ്കണ്ടം താലൂക്ക് ആശുപത്രില്‍ എത്തുന്നവര്‍ സൂക്ഷിക്കുക. എപ്പോള്‍ വേണമെങ്കിലും നിങ്ങള്‍ക്ക് തെരുവ് നായയുടെ കടിയേല്‍ക്കാം. ഒരാഴ്ച്ചയ്ക്കിടെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്ക്കും കൂട്ടിരിപ്പിനുമായി വന്ന പത്ത് പേര്‍ക്കാണ് തെരുവു നായയുടെ കടിയേറ്റത്.
പുലര്‍ച്ചെ പത്ര വിതരണത്തിനെത്തിയ നെടുങ്കണ്ടം സ്വദേശി കണ്ടശാലില്‍ ജോണിയ്ക്കാണ് ഏറ്റവും ഒടുവില്‍ തെരുവ് നായയുടെ കടിയേറ്റത്. രാവിലെ ആശുപത്രിയില്‍ പത്രം വിതരണം ചെയ്ത ശേഷം ഓട്ടോയില്‍ കയറാന്‍ തുടങ്ങുന്നതിനിടെ പട്ടി കടിയ്ക്കുകയായിരുന്നു. ജോണിയുടെ കാലിന് സാരമായ മുറിവുണ്ട്. കഴിഞ്ഞ ദിവസം ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തി ചീട്ട് എടുക്കുന്നതിനായി ക്യൂ നിന്ന ചെമ്മണ്ണാര്‍ സ്വദേശിയായ വൃദ്ധനെ നായ കടിച്ചിരുന്നു. ഇയാളുടെ കാലില്‍ ആഴത്തില്‍ മുറിവ് പറ്റി.
ദിവസങ്ങള്‍ക്ക് മുമ്പ് ആശുപത്രിയില്‍ അഡ്മിറ്റായിരുന്ന സഹോദരിയെ സന്ദര്‍ശിയ്ക്കാനെത്തിയ യുവാവിനും കടിയേറ്റിരുന്നു. ഒരു മാസത്തിനുള്ളില്‍ ആശുപത്രി പരിസരത്ത് വെച്ച് പത്തിലധികം ആളുകള്‍ക്കാണ് തെരുവ് നായയുടെ ആക്രമണത്തില്‍ പരിക്ക് പറ്റിയത്. ആശുപത്രി പരിസരത്തും ടൗണിന്റെ വിവിധ ഭാഗങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമായിട്ടും നടപടി സ്വീകരിക്കുവാന്‍ അധികൃതര്‍ തയ്യാറാവുന്നില്ല. നെടുങ്കണ്ടം ടൗണില്‍ കാട് പിടിച്ച് കിടക്കുന്ന സര്‍ക്കാര്‍ വക ഭൂമിയാണ് തെരുവ് നായ്ക്കളുടെ വിഹാര കേന്ദ്രം.
മാസങ്ങള്‍ക്ക് മുമ്പ് ഒരു ദിവസം തന്നെ പത്തിലധികം ആളുകള്‍ തെരുവ് നായ്ക്കളുടെ ആക്രമണത്തിന് ഇരയായ സംഭവം നെടുങ്കണ്ടത്ത് ഉണ്ടായിട്ടുണ്ട്. താലൂക്ക് ആശുപത്രി പരിസരം, സിവില്‍ സ്റ്റേഷന്‍ റോഡ്, ബ്ലോക്ക് പഞ്ചായത്ത് റോഡ്, മാര്‍ക്കറ്റ് തുടങ്ങിയ ഭാഗങ്ങളിലാണ് തെരുവ് നായ്ക്കളുടെ ശല്യം കൂടുതല്‍. ഇടവഴികളും നായ്ക്കളുടെ പിടിയിലാണ്. ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തുന്നവരെ നായ ആക്രമിക്കുന്ന സംഭവം പതിവായിട്ടും അധികൃതര്‍ നടപടി സ്വീകരിക്കാത്തത് പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam