കശ്മീരില്‍ നടന്നത് ഒരു പതിറ്റാണ്ടിലെ ഏറ്റവും വലിയ ഭീകരാക്രമണം; പിന്നിൽ ഐസ്ഐയും ലഷ്ക്കറും

By Web DeskFirst Published Sep 17, 2016, 6:52 PM IST
Highlights

ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ ഉറിയിൽ കരസേനാ കേന്ദ്രത്തിനു നേരെയുണ്ടായത് കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ കരസേനയ്ക്കു നേരെ  ഏറ്റവും വലിയ ഭീകരാക്രമണങ്ങളിൽ ഒന്ന്. ഭീകരാക്രമണത്തിൽ 17 സൈനികർ കൊല്ലപ്പെട്ടു. ഐഎസ്ഐ പിന്തുണയോടെയെത്തിയ ലഷ്ക്കർ ഭീകരരാണ് ആക്രമണം നടത്തിയത്. ആക്രമണം നടത്തിയ നാലു ഭീകരരെ കരസേന വധിച്ചു.  പ്രതിരോധ മന്ത്രിയും കരസേനാ മേധാവിയും സ്ഥിതി വിലയിരുത്താൻ ജമ്മുകശ്മീരിലെത്തി.

ശ്രീനഗറിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള ഈ മേഖലയിൽ ഒരു കരേസേനാ ബറ്റാലിയന്റെ ബാരക്കുകളിലേക്ക് പുലർച്ചെ നാലു മണിക്ക് നാലു ഭീകരർ ഇരച്ചു കയറുകയായിരുന്നു. ചാവേറാക്രമണത്തിൽ പതിനേഴ് സൈനികർ കൊല്ലപ്പെട്ടു. 20 പേർക്ക് പരിക്കു പറ്റി. പരിക്കേറ്റവരെ ശ്രീനഗറിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റി. അഞ്ചു മണിക്കൂർ നീണ്ടു നിന്ന ഓപ്പറേഷനു ശേഷം നാലു ഭീകരരെയും സൈന്യം വധിച്ചു. കൂടുതൽ ഭീകരർ അതിർത്തി കടന്നതായുള്ള സൂചനയുടെ അടിസ്ഥാനത്തിൽ തെരച്ചിൽ തുടരുകയാണ്.

ഒരു യൂണിറ്റിന്റെ ഡ്യൂട്ടി പൂർത്തിയായി അടുത്ത യുണിറ്റ് ചുമതലയേല്ക്കുന്ന സമയത്താണ് ആക്രമണം ഉണ്ടായത്. ഏറ്റുമുട്ടലിൽ സൈനികർ ഉണ്ടായിരുന്ന താല്ക്കാലിക ഷെൽറ്ററുകൾക്ക് തീപിടിച്ചതാണ് ഇത്രയും പേർ മരിക്കാൻ ഇടയാക്കിയത്. ലഷ്ക്കർ എ തയിബയാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. ഐക്യരാഷ്ട്രസഭയിലെ നവാസ് ഷെരീഫിന്റെ പ്രസംഗത്തിനു മുമ്പ് ലോകശ്രദ്ധ കശ്മീരിലേക്ക് കൊണ്ടു വരാനുള്ള പാക്ക് ചാര സംഘടന ഐഎസ്ഐയുടെ നീക്കമാണിതെന്നും കേന്ദ്ര സർക്കാർ കരുതുന്നു.

പ്രതിരോധ മന്ത്രി മനോഹർ പരീക്കറും കരസേനാ മേധാവി ജനറൽ ദൽബീർ സിംഗ് സുഹാഗും സ്ഥിതി നേരിട്ടു വിലയിരുത്താൻ കശമീരിലെത്തി. ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് നാളെ മുതൽ നടത്താനിരുന്ന റഷ്യാ, അമേരിക്ക എന്നീ രാജ്യങ്ങളിലെ സന്ദർശനം റദ്ദാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിൽ നിന്ന് വിവരങ്ങൾ തേടി. എന്തായാലും പഠാൻകോട്ട് ആക്രമണത്തിനു ശേഷം വീണ്ടും അതിർത്തി കടന്നെത്തിയ ഭീകരർക്ക് സൈനിക കേന്ദ്രത്തിൽ കടക്കാനായി എന്നത് സുരക്ഷാ ഏജൻസികളെ ഞെട്ടിച്ചിരിക്കുകയാണ്.


 

 

 

click me!