റോഡിലെ കുഴിയടയ്‌ക്കാന്‍ പുതിയ പരീക്ഷണവുമായി തളിപ്പറമ്പ് എംഎല്‍എ

By Web DeskFirst Published Jul 23, 2016, 12:50 PM IST
Highlights

കണ്ണൂര്‍: മഴക്കാലത്ത് റോഡിലെ കുഴികളടച്ച് തളിപ്പറമ്പ് എം എല്‍ എയുടെ നേതൃത്വത്തില്‍ പുതിയ പരീക്ഷണം.ഇന്‍സ്റ്റന്റ് റോഡ് റിപ്പയറിങ് മിക്‌സ് ഉപയോഗിച്ചാണ് ജനകീയ സമിതികളുണ്ടാക്കി മഴക്കാലത്തെ റോഡ് ടാറിങ്. ടെണ്ടര്‍ പൂര്‍ത്തിയാകാന്‍ വൈകി റോഡുപണി നടക്കാതായാതോടെയാണ് തളിപ്പറമ്പുകാര്‍ പരീക്ഷണ ടാറിങ്ങുമായി രംഗത്തിറങ്ങിയത്.

പൊട്ടിപ്പൊളിഞ്ഞൊരു റോഡ് നന്നാക്കണമെങ്കില്‍ നമ്മുടെ സംവിധാനങ്ങളനുസരിച്ച് സമയമെടുക്കും. വേനല്‍ക്കാലത്ത് പൊളിഞ്ഞ റോഡ് ടെണ്ടര്‍ നടപടിയൊക്കെ കഴിഞ്ഞ് മഴക്കാലമായാലും അതുപോലെ കിടക്കാറാണ് പതിവ്. പിന്നെ നടുവൊടിക്കും യാത്ര. കുഴിയെണ്ണല്‍ പരിപാടികള്‍. ഇതവസാനിപ്പിക്കാനാണ് തളിപ്പറമ്പുകാരുടെ പുതിയ പരീക്ഷണം. മഴക്കാലത്തും റോഡ് ടാറുചെയ്യാനുളള ഇന്‍സ്റ്റന്റ് റോഡ് റിപ്പയറിങ് മിക്‌സ്. ജെയിംസ് മാത്യു എം എല്‍ എ മുന്‍കയ്യെടുത്ത് ജനകീയ സമിതികളുണ്ടാക്കിയാണ് പദ്ധതി. റോഡ് ബോണ്ട് എന്ന പ്രത്യേക മിശ്രിതം നിരത്തിയാണ് കുഴിയടക്കല്‍. ആദ്യ ടാറിങ് പറശ്ശിനിക്കടവില്‍ നടന്നു.

തളിപ്പറമ്പ് മണ്ഡലത്തിലെ രണ്ട് നഗരസഭകളിലും ഏഴ് പഞ്ചായത്തുകളിലുമാണ് പദ്ധതി നടപ്പാക്കുന്നത്.കുഴിയുണ്ടെന്ന് അറിയിച്ചാല്‍ റോഡ് മിക്‌സുമായി ആളെത്തി അറ്റകുറ്റപ്പണി നടത്തും. ജനകീയ സമിതികള്‍ വഴി പണം പിരിച്ചാണ് റോഡ് മിക്‌സ് ബാഗുകള്‍ വാങ്ങിയത്. പൊതുമരാമത്ത് വകുപ്പും ഒരു ലോഡ് മിക്‌സ് നല്‍കി. തളിപ്പറമ്പിലെ മുഴുവന്‍ റോഡുകളും ഈ മഴക്കാലത്തുതന്നെ ഇങ്ങനെ ടാറുചെയ്യാനാണ് ജനകീയ സമിതി ഒരുങ്ങുന്നത്.

click me!