കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദം കുട്ടികള്‍ക്ക് പഠനവിഷയമാകുന്നു

By web deskFirst Published Apr 24, 2018, 5:19 PM IST
Highlights
  • 2019 ഓടുകൂടി ഇ - ജാഗ്രത പദ്ധതി ജില്ലയിലെ 250 സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള പറഞ്ഞു. 

എറണാകുളം:   അടുത്തിടെ ഏറെ വിവാദമായ കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദം ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠന  വിഷയമാകുന്നു. ഇ - ജാഗ്രത പാഠപദ്ധതിയുടെ ഭാഗമായാണ് ഇത്.  കുട്ടികളില്‍ ഡാറ്റ പ്രൈവസിയെപ്പറ്റിയും അനധികൃതമായി ഡാറ്റ ചോര്‍ത്തുന്നതിനെപ്പറ്റിയും വ്യക്തമായ അവബോധമുണ്ടാക്കുന്നതിനാണ് ജില്ലാ അധികാരികള്‍ ഇത്തരം ഒരു സംരംഭത്തിന് തുടക്കം കുറിക്കുന്നത്. സുരക്ഷിതവും ഉപയോഗപ്രദവുമായ രീതിയില്‍ ഇന്റര്‍നെറ്റ് എങ്ങിനെ പഠന ആവശ്യത്തിന് ഉപയോഗിക്കാം എന്ന് കുട്ടികള്‍ക്ക് മനസിലാക്കികൊടുക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
 
ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ ഉള്ള ഉത്തരവാദിത്തത്തെക്കുറിച്ചും സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളില്‍ പാലിക്കേണ്ട മര്യാദകളെക്കുറിച്ചും കുട്ടികളെ ബോധവാന്മാരാക്കുകയാണ് ലക്ഷ്യം. 2019 ഓടുകൂടി ഇ - ജാഗ്രത പദ്ധതി ജില്ലയിലെ 250 സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള പറഞ്ഞു. 

സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കുമ്പോഴും വ്യക്തിപരമായ വിവരങ്ങള്‍ നല്‍കുമ്പോഴും നമ്മള്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. ഇതേപ്പറ്റി കുട്ടികളില്‍ അവബോധം ഉണ്ടാക്കുക എന്നതും നൂതന പാഠപദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. ഇന്റര്‍നെറ്റ് വഴി പണമിടപാടുകള്‍ നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കും. ഇ - കോമേഴ്‌സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ക്ലൗഡ് കമ്പ്യൂട്ടിങ് എന്നിവയെക്കുറിച്ചും ക്ലാസ് എടുക്കും. സൈബര്‍ നിയമങ്ങളെ പറ്റിയും തെറ്റിച്ചാല്‍ ഉള്ള ശിക്ഷയെപ്പറ്റിയും കുട്ടികളില്‍ അവബോധമുണ്ടാക്കും. 

രണ്ടു ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുക. ആദ്യ ഘട്ടത്തില്‍ 101 സര്‍ക്കാര്‍ സ്‌കൂളുകളിലും രണ്ടാം ഘട്ടത്തില്‍ 161 എയ്ഡഡ് സ്‌കൂളുകളിലും ആണ് നടപ്പാക്കുക. എട്ട്, ഒന്‍പത് ക്ലാസ്സുകളില്‍ പഠിക്കുന്ന തെരഞ്ഞെടുക്കപ്പെട്ട കുട്ടികളെയാണ് ഇ - ജാഗ്രത പദ്ധതിയുടെ ഭാഗമാക്കുക. 

click me!