
ദില്ലി: നരേന്ദ്രമോദി സര്‍ക്കാരിനെതിരെയുള്ള ആദ്യ അവിശ്വാസപ്രമേയം ലോക്‌സഭ ഇന്ന് ചര്‍ച്ചയ്‌ക്കെടുക്കും. എന്‍ഡിഎയിലെ ഭിന്നത പരിഹരിച്ച സാഹചര്യത്തില്‍ ബിജെപിക്ക് അവിശ്വാസപ്രമേയം അനായാസം മറികടക്കാം. 73 എംപിമാര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നില്ക്കും.
ഈ സര്‍ക്കാരില്‍ ഈ സഭ അവിശ്വാസം രേഖപ്പെടുത്തുന്നു എന്ന ഒറ്റവരി പ്രമേയം ടിഡിപി അംഗം കെ. ശ്രീനിവാസ് പതിനൊന്ന് മണിക്ക ലോക്‌സഭയില്‍ അവതരിപ്പിക്കും. ഏഴു മണിക്കൂര്‍ നീളുന്ന വാക്‌പോര് പ്രതീക്ഷിക്കാം. രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് ആദ്യം രംഗത്തിറക്കും. 2014-ല്‍ നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതിന്റെ കണക്കാവും രാഹുല്‍ അവതരിപ്പിക്കുക. ഒപ്പം ആള്‍ക്കൂട്ട ആക്രമണവും ഭരണഘടനാ സ്ഥാപനങ്ങള്‍ക്കെതിരെയുള്ള നീക്കവും. റഫാല്‍ ഉള്‍പ്പടെയുള്ള അഴിമതി ആരോപണങ്ങളും വിഷയമാക്കും.
പ്രധാനമന്ത്രി സംസാരിക്കുക വൈകിട്ട് ആറു മണിക്കു ശേഷം. തെരഞ്ഞെടുപ്പിന്‍റെ അന്തരീക്ഷമുണ്ടാക്കാന്‍ മോദിക്ക് കഴിയും എന്ന പ്രതീക്ഷയിലാണ് ബിജെപി. ആറു പതിറ്റാണ്ടിലെ കോണ്‍ഗ്രസ് പരാജയം എണ്ണിപറയും. എന്‍ഡിഎയിലെ ചോര്‍ച്ച തടയാന്‍ ഇന്നലെ അമിത് ഷാ തന്നെ രംഗത്തിറങ്ങി. ഉദ്ധവ് താക്കറയുമായി സംസാരിച്ചു. അണ്ണാ ഡിഎംകെ നേതൃത്വത്തെയും ബന്ധപ്പെട്ടു. കോണ്‍ഗ്രസും തൃണമൂലും ഇടതുപക്ഷവും എസ്പിയും ഉള്‍പ്പെടുന്ന പ്രതിപക്ഷത്തിന് 147 പേര്‍ ഇപ്പോഴുണ്ട്.
വിട്ടുനില്ക്കാന്‍ സാധ്യതയുള്ളവര്‍ 73 ആണ്. അണ്ണാ ഡിഎംകെ പ്രമേയത്തെ പിന്തുണയ്ക്കില്ല എന്ന് വ്യക്തമാക്കി കഴിഞ്ഞു. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെടുന്ന ടിഡിപിയുടെ പ്രമേയം അംഗീകരിച്ചുള്ള ബിജെപി തന്ത്രം തല്ക്കാലം വിജയം കാണുന്നതായി വിലയിരുത്താം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam