എല്ലാം ശരിയാക്കും;  2.3 ലക്ഷം പേര്‍ക്ക് ആശ്വാസമായി സര്‍ക്കാര്‍ 335 കോടി വിതരണം ചെയ്തു

By web deskFirst Published Mar 10, 2018, 9:48 AM IST
Highlights
  • ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള ധനസഹായത്തിന് ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.
  • ജൂണില്‍ അക്കൗണ്ടില്‍ നേരിട്ട് പണമെത്തിക്കും

തിരുവനന്തപുരം:  എല്‍ഡിഎഫ് വരും എല്ലാം ശരിയാകും എന്ന പരസ്യവാചകത്തില്‍ അധികാരത്തിലേറിയ പിണറായി വിജയന്റെ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും സഹായധനമായി വിതരണം ചെയ്തത് 335 കോടി രൂപ. വിവിധമേഖലകളില്‍ ദുരിതമനുഭവിക്കുന്ന 2.3 ലക്ഷം പേര്‍ക്ക് ആശ്വാസമേകാനാണ് ഇത്രയും തുക അനുവദിച്ചത്. 

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഇതേ കാലയളവില്‍, 2011 ജൂണ്‍ മുതല്‍ 2013 ജനുവരി വരെ 169 കോടി രൂപയായിരുന്ന് ദുരിതാശ്വാസനിധിയില്‍ നിന്നും വിതരണം ചെയ്തത്. കൂടുതല്‍ ആളുകള്‍ക്ക് കൂടുതല്‍ ധനസഹായമെത്തിക്കാന്‍ ഇത്തവണ കഴിഞ്ഞതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും വേഗത്തില്‍ സഹായധനം അനുവദിക്കാന്‍ കുറ്റമറ്റ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്്. ഓണ്‍ലൈനായി അപേക്ഷ നല്‍കാനുള്ള സംവിധാനം സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ധനസഹായം ലഭിക്കുന്നതിനുള്ള അപേക്ഷയുമായി ആരും സെക്രട്ടറിയേറ്റില്‍ നേരിട്ട് എത്തണമെന്നില്ല. ചികിത്സാരേഖകളും ചികിത്സക്ക് ചെലവിടുന്ന തുക സംബന്ധിച്ചും കൃത്യമായ വിവരങ്ങളും അപേക്ഷക്കൊപ്പം ഉണ്ടെങ്കില്‍ വേഗത്തില്‍ തീരുമാനമെടുക്കാന്‍ കഴിയും. അപേക്ഷയിന്മേല്‍ റിപ്പോര്‍ട്ട്  ഓണ്‍ലൈനായി ലഭ്യമാക്കുന്ന സംവിധാനം കൂടി നിലവില്‍ വന്നതോടെ കാലതാമസം ഇല്ലാതെ തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് കഴിയുന്നു.

തുക അനുവദിച്ച് ഉത്തരവിറങ്ങിയാലും പണം ലഭ്യമാകുന്നതിലെ കാലതാമസം ഒഴിവാക്കാന്‍ സഹായധനം അപേക്ഷകരുടെ അക്കൗണ്ടില്‍ നേരിട്ട് എത്തിക്കുന്ന പദ്ധതി ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. ജൂണ്‍ മാസത്തോടെ അക്കൗണ്ടില്‍ നേരിട്ട് പണമെത്തിക്കുന്ന പദ്ധതി തുടങ്ങാനാണ് ലക്ഷ്യമിടുന്നത്.
 

click me!