കണ്ണൂരിലേത് രാഷ്ട്രീയ കൊലപാതകങ്ങള്‍ : മുഖ്യമന്ത്രി

By Web DeskFirst Published Jul 12, 2016, 11:20 PM IST
Highlights

തിരുവനന്തപുരം: കണ്ണൂര്‍ജില്ലയിലെ പയ്യന്നൂരില്‍ കഴിഞ്ഞ ദിവസം നടന്ന രണ്ട് കൊലപാതകങ്ങള്‍ രാഷ്ട്രീയ കൊലപാതകങ്ങളെന്ന് നിയമസഭയില്‍ സമ്മതിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഐ(എം) പ്രവർത്തകനായ ധനരാജിനെ 10 ബിജെപി പ്രവർത്തകർ ചേര്‍ന്നു വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നും ഈ കൊലപാതകത്തിന്‍റെ വിരോധമാണ് ബിജെപി പ്രവര്‍ത്തകന്‍ രാമചന്ദ്രന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. രണ്ട് കൊലപാതകത്തിലും പൊലീസ് അന്വേഷണം പുരോഗമിക്കുന്നതായും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകമടക്കം സംസ്ഥാനത്തെ ക്രമസമാധാനത്തകർച്ച സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് അടിയന്തരപ്രമേയം . കെ മുരളീധരന്‍ എംഎല്‍എയാണ് നോട്ടീസ് നല്‍കിയത് . പാലക്കാട്ട് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ ശ്യാം കുമാറിനെ മര്‍ദ്ദച്ചതടക്കം ചൂണ്ടിക്കാണിച്ചായിരുന്നു അടിയന്തിര പ്രമേയം.
ഇപ്പോള്‍ പയ്യന്നൂരിലെ സ്ഥിതി ശാന്തമാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. 15 മിനിറ്റോളം എടുത്തായിരുന്നു മുഖ്യമന്ത്രി ആദ്യഘട്ട മറുപടി പൂര്‍ത്തിയാക്കിയത്. ഇത്രയും സമയമെടുത്തത് തന്നെ സംസ്ഥാനത്തെ ക്രമസമാധാന തകര്‍ച്ച വ്യക്തമാക്കുന്നതെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം.

click me!