താരാട്ടുപാട്ടിന്റെ തമ്പുരാന് നിത്യസ്മാരകം ഒരുങ്ങുന്നു

By web deskFirst Published May 24, 2018, 11:16 PM IST
Highlights
  • 'ഓമന തിങ്കള്‍ക്കിടാവോ' എന്ന താരാട്ടുപാട്ടിന്റെ ഉപജ്ഞാതാവായ ഇരയിമ്മന്‍ തമ്പിക്ക് ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല വാരനാട് നിത്യസ്മാരകം തയ്യാറാകുന്നു.

ആലപ്പുഴ: മലയാളികളുടെ ഗൃഹാതുര  മനസുതൊട്ട താരാട്ടുപാട്ടിന്റെ തമ്പുരാന് നിത്യസ്മാരകം ഒരുങ്ങുന്നു. 'ഓമന തിങ്കള്‍ക്കിടാവോ' എന്ന താരാട്ടുപാട്ടിന്റെ ഉപജ്ഞാതാവായ ഇരയിമ്മന്‍ തമ്പിക്ക് ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല വാരനാട് നിത്യസ്മാരകം തയ്യാറാകുന്നു. കേരളവര്‍മ്മ തമ്പാന്റേയും പാര്‍വ്വതിപിള്ള തങ്കച്ചിയുടേയും മകനായി 1782 ല്‍ ഒക്ടോബര്‍ 12 ന് വാരനാട് നടുവിലകം കോവിലകത്താണ് ഇരയിമ്മന്‍ തമ്പി ജനിച്ചത്. 

അന്നത്തെ തിരുവിതാംകൂര്‍ മഹാരാജാവ് കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മയുടെ സഹോദരന്‍ മകയിരം തിരുനാള്‍ രവിവര്‍മ്മയുടെ മകളായിരുന്നു ഇരയിമ്മന്‍ തമ്പിയുടെ മാതാവ്. കാര്‍ത്തിക തിരുനാളാണ് രവിവര്‍മ്മയെ ' ഇരയിമ്മന്‍' എന്ന ഓമനപ്പേരില്‍ വിളിച്ച് തുടങ്ങിയത്. 16 വയസ്സുവരെ മാത്രമേ ഇരയിമ്മന്‍ വാരനാട്ടിലുള്ള നടുവിലകം കോവിലകത്ത്് താമസിച്ചിരുന്നെള്ളൂ. അതിനുശേഷം ഇരയിമ്മന്‍ തമ്പിയുടെ ജീവിതം അനന്തപുരം കൊട്ടാരത്തിലേയ്ക്ക് മാറുകയായിരുന്നു. 

റാണിഗൗരി ലക്ഷ്മി ഭായിയുടെ ആവശ്യപ്രകാരമാണ് കുഞ്ഞായിരുന്ന സ്വാതി തിരുനാളിനെ ഉറക്കുവാന്‍ 'ഓമന തിങ്കള്‍ക്കിടാവോ' എന്ന താരാട്ട് പാട്ടെഴുതി ഈണം നല്‍കിയത്. ആ താരാട്ടുപാട്ട് എക്കാലത്തേയും മലയാളിയുടെ താരാട്ടായി മാറുകയായിരുന്നു. ബാല്യകാലത്തില്‍ ഇരയിമ്മന്‍ ഉപയോഗിച്ചിരുന്ന താളിയോലഗ്രന്ഥം, കസേര, മെതിയടി എന്നിവ നടുവിലകം കോവിലകത്ത് അവശേഷിപ്പുകളായിട്ട് സൂക്ഷിച്ചിട്ടുണ്ട്. 

നടുവിലകം കോവിലകം ഭാഗം വെച്ചപ്പോള്‍ വീതം കിട്ടിയവര്‍ അത് വില്‍ക്കുവാന്‍ ശ്രമം നടത്തിയിരുന്നു. 1996 ല്‍ കുറച്ച് ഭാഗം പൊളിക്കുകയും ചെയ്തു. എന്നാല്‍ നടുവിലകം കോവിലകത്തെ ഇളമുറക്കാരിയായ രുഗ്മിണി തങ്കച്ചി നിയമയുദ്ധത്തിലൂടെ ഇരയിമ്മന്‍ തമ്പിയുടെ കോവിലകം സംരക്ഷിച്ച് നിലനിര്‍ത്തി. തുടര്‍ന്ന് സമാനമനസ്‌ക്കരായ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ട്രസ്റ്റ് രൂപീകരിക്കുകയുണ്ടായി. പിന്നീട് പുരാവസ്തുവിന്റെ മേല്‍നോട്ടത്തിലായി ഈ സ്മാരകം. 

കോവിലകത്തിന്റെ നവീകരണത്തിനായി 85 ലക്ഷം രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ചെലവിടുന്നത്. പഴമ തെല്ലും കൈവിടാതെയാണ് സ്മാരകം നിര്‍മ്മിക്കുന്നത്. എട്ടുകെട്ട് കോവിലകത്തിന്റെ അടിത്തറ നിലനിറുത്തിക്കൊണ്ട് മേല്‍ക്കൂരയും മറ്റും നിര്‍മ്മിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. പൂര്‍ണ്ണമായും തേക്കിന്‍തടിയിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്ന് ട്രസ്റ്റ് ചെയര്‍മാനും പിന്‍മുറക്കാരനുമായ കൃഷ്ണവര്‍മ്മ പറഞ്ഞു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി സ്മാരകം അടുത്തമാസം സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കുന്നതോടെ താരാട്ടുപാട്ടിന്റെ ഉപജ്ഞാതാവിന് ചേര്‍ത്തലയില്‍ നിത്യസ്മാരകം യാഥാര്‍ത്ഥ്യമാകും.

click me!