റേഡിയോ കോളര്‍ ഘടിപ്പിച്ച കാട്ടാന വിണ്ടും കൃഷി നശിപ്പിച്ചു

By Web DeskFirst Published Mar 27, 2018, 5:03 PM IST
Highlights
  • വന്യമൃഗശല്യത്തിനെതിരെ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വടക്കനാട്ടുകാര്‍ നിരഹാരം തുടരുന്നതിനിടെ വനംവകുപ്പ് റേഡിയോ കോളര്‍ ഘടിപ്പിച്ച് വിട്ട കാട്ടാന വീണ്ടും കൃഷി നശിപ്പിച്ചു

വയനാട്: വന്യമൃഗശല്യത്തിനെതിരെ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വടക്കനാട്ടുകാര്‍ നിരഹാരം തുടരുന്നതിനിടെ വനംവകുപ്പ് റേഡിയോ കോളര്‍ ഘടിപ്പിച്ച് വിട്ട കാട്ടാന വീണ്ടും കൃഷി നശിപ്പിച്ചു. വടക്കനാട് മന്‍ട്രത്ത് കുരിയന്റെ ഒരു എക്കര്‍ സ്ഥലത്തെ വാഴകൃഷി, കോച്ചുപുരക്കല്‍ വര്‍ഗീസ്, പൂതിയോണി പ്രേമന്‍ എന്നിവരുടെ കമുകിന്‍ തൈകള്‍, കാപ്പി ചെടികള്‍, തെങ്ങുകള്‍ തുടങ്ങി നിരവധി വിളകള്‍ കൊമ്പന്‍ നശിപ്പിച്ചിട്ടുണ്ട്. രാത്രിയാണ് വനംവകുപ്പിന്റെ നിരീക്ഷണത്തിലുള്ള കൊമ്പന്‍ കൃഷിയിടത്തിലെത്തിയത്. 

പുലര്‍ച്ചെ രണ്ടിന് ചിറമല കോളനി വഴി കുരിയന്റെ കൃഷിസ്ഥലത്ത് എത്തിയ കൊമ്പനെ ഓടിക്കാന്‍ വനം വകുപ്പ് വാച്ചര്‍മാരും പ്രദേശവാസികളും ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. കാടിനോട് ചേര്‍ന്നുള്ള കൃഷി സ്ഥലങ്ങളായതിനാല്‍ ഇവിടെ വനംവകുപ്പ് സോളാര്‍ ഫെന്‍സിങും സ്ഥാപിച്ചിട്ടുണ്ട്. ഇതിന് പുറമേ സ്വകാര്യ വ്യക്തികള്‍ സ്ഥാപിച്ച വൈദ്യുതി വേലികള്‍ കൂടി കടന്നാണ് ആനയെത്തിയത്. 

വൈദ്യുത വേലി മരത്തടിയോ കൊമ്പോ ഉപയോഗിച്ചായിരിക്കാം തകര്‍ത്തതെന്ന് വനംവകുപ്പ് സംശയിക്കുന്നു. പടക്കംപൊട്ടിച്ചാലും ശബ്ദമുണ്ടാക്കിയാലും കാട്ടിലേക്ക് കയറിപോവാതെ കൃഷിയിടങ്ങളില്‍ തന്നെ ആന നില്‍ക്കും. കൃഷിക്കാരോ വനം വകുപ്പ് വാച്ചര്‍മാരോ ലൈറ്റ് തെളിയിച്ച് ഓടിക്കാന്‍ ശ്രമിക്കുമ്പോള്‍ വെളിച്ചത്തിന് നേരെ ഓടിയടുക്കുന്നതാണ് വടക്കനാട് കൊമ്പന്റെ പ്രകൃതം എന്ന് കര്‍ഷകര്‍ പറയുന്നു. 

റേഡിയോ കോളര്‍ ഘടിപ്പിച്ച കൊമ്പനാണ് കൃഷിയിടങ്ങളില്‍ ഇറങ്ങിയതെന്ന് വനം വകുപ്പ് സ്ഥീരികരിച്ചയായും കര്‍ഷകര്‍ പറഞ്ഞു. ബത്തേരി റേഞ്ചിലെ വടക്കനാട്, ഓടപ്പള്ളം, വള്ളുവാടി, പച്ചാടി, കരിപ്പൂര്‍, പുതുവീട്, കല്ലൂര്‍ക്കുന്ന്, പണയമ്പം തുടങ്ങിയ പ്രദേശങ്ങളിലെ കര്‍ഷകരാണ് രൂക്ഷമായ വന്യമൃഗശല്യത്താല്‍ ദുരിതമനുഭവിക്കുന്നത്.  


 

click me!