കാല്‍വിരലുകള്‍ ദ്രവിച്ചു തീരുന്നു; ആദിവാസി മധ്യവയസ്‌ക്കന്‍ ദുരിതത്തില്‍

By web deskFirst Published Mar 10, 2018, 3:24 PM IST
Highlights
  • സുല്‍ത്താന്‍ ബത്തേരി, പുല്‍പ്പള്ളി റൂട്ടില്‍ ചെതലയം പുകലമാളം മാളപ്പാടി കാട്ടുനായ്ക്ക കോളനിയിലെ ബാലന്‍ എന്ന അമ്പത്തിരണ്ടുകാരനാണ് വിരലുകളില്ലാതാവുന്ന രോഗത്താല്‍ നടക്കാന്‍പോലും കഴിയാതെ ദുരിത്തിലായിരിക്കുന്നത്.

വയനാട്: കാല്‍വിരലുകള്‍ ദ്രവിച്ചുതീരുന്ന അപൂര്‍വ്വ രോഗത്താല്‍ ആദിവാസി മധ്യവയസ്‌കന്‍ നരകയാതനയില്‍. സുല്‍ത്താന്‍ ബത്തേരി, പുല്‍പ്പള്ളി റൂട്ടില്‍ ചെതലയം പുകലമാളം മാളപ്പാടി കാട്ടുനായ്ക്ക കോളനിയിലെ ബാലന്‍ എന്ന അമ്പത്തിരണ്ടുകാരനാണ് വിരലുകളില്ലാതാവുന്ന രോഗത്താല്‍ നടക്കാന്‍പോലും കഴിയാതെ ദുരിത്തിലായിരിക്കുന്നത്. 

ഒരു വര്‍ഷം മുമ്പ് ബാലന്റെ വലതുകാലിലെ പെരുവിരലിനാണ് ആദ്യമായി രോഗം പിടിപെടുന്നത്. വിരലിലെ തൊലി വീണ്ടുകീറുന്നത് പോലെയാണ് ആദ്യം കണ്ടതത്രേ. ഇത് പിന്നീട് പഴുത്ത് വ്രണമായി. ചികില്‍സതേടി ബത്തേരിയിലെ ആശുപത്രി മുതല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് വരെ ബാലന്‍ എത്തിയെങ്കിലും കാര്യമായ മാറ്റമുണ്ടായില്ല. നിരന്തരം ആശുപത്രികള്‍ കയറിയിറങ്ങിയിട്ടും ഫലമില്ലാതെ വന്നപ്പോള്‍ വേദനയും സഹിച്ച് വീട്ടില്‍ കഴിച്ചുകൂട്ടുകയാണിപ്പോള്‍ ഇദ്ദേഹം. 

വലതുകാലിലെ പെരുവിരല്‍ ഏറെക്കുറെ ദ്രവിച്ചുതീര്‍ന്നു. തൊട്ടടുത്ത വിരലിലേക്കും രോഗം പടര്‍ന്നിട്ടുണ്ട്. അതേ സമയം രോഗമെന്താണെന്ന് ബാലനെ ചികിത്സിച്ച ഡോക്ടമാര്‍ ആരുംതന്നെ തങ്ങളോട് വെളിപ്പെടുത്തിയിട്ടില്ലെന്ന് കുടുംബം പറയുന്നു. ബാലന്റെ ഒരു മകളും ഇദ്ദേഹത്തിന്റെ  മൂത്തസഹോദരനും ഇതേ രോഗം ബാധിച്ചാണ് മരിച്ചതെന്ന് കോളനിക്കാര്‍ പറയുന്നു. വേദനസഹിച്ചാണ് ഇപ്പോള്‍ ബാലന്‍ കോളനിയിലെ കൂരയില്‍  കഴിഞ്ഞുകൂടുന്നത്. 

രോഗം തുടങ്ങിയത് മുതല്‍ വലതുകാല്‍ നിലത്തുകുത്താന്‍ പറ്റാത്ത അവസ്ഥയാണ്. നിരങ്ങിയാണ് വല്ലപ്പോഴും കൂരയ്ക്ക് പുറത്തിറങ്ങുന്നത്. ഒപ്പമുണ്ടായിരുന്ന മറ്റൊരു മകളെ വിവാഹം കഴിപ്പിച്ചയച്ചതോടെ ബാലനെ നോക്കാനായി ജോലിക്ക് പോലും പോകാനാകാതെ ഭാര്യ ലീലയാണ് കൂടെ നില്‍ക്കുന്നത്. ഇതോടെ നിത്യചെലവിനുള്ള വഴിയും അടഞ്ഞു. രോഗദുരിതത്തിനൊപ്പം പട്ടിണിയുടെ വക്കിലുമാണ് കുടുംബം. ഇവര്‍ക്ക് ആവശ്യമായ സാമ്പത്തിക സഹായവും ബാലന് മികച്ച ചികില്‍സയും നല്‍കാന്‍ സര്‍ക്കാറോ സന്മമനസുള്ളവരോ മുന്നോട്ടുവരണമെന്നാണ്  കോളനിക്കാരുടെ ആവശ്യം.

click me!