റെയില്‍വേ ട്രാക്കിന് കുറുകെ പാളം വച്ച് ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം

By Web DeskFirst Published Mar 31, 2018, 6:18 PM IST
Highlights
  • രണ്ടുമാസത്തിന് മുമ്പ് അമ്പത് കിലോക്ക് മുകളില്‍ ഭാരം വരുന്ന പഴയ സിഗ്‌നല്‍ ബോക്സ് ചേരാവളളി ലെവല്‍ക്രോസിന് സമീപം ട്രാക്കില്‍ വച്ച് അട്ടിമറിക്കാന്‍ ശ്രമം നടന്നിരുന്നു.

ആലപ്പുഴ: റെയില്‍വേ ട്രാക്കില്‍ പഴയ പാളം വച്ച് ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. ഇന്ന് പുലര്‍ച്ചെ കായംകുളം റെയില്‍വേ സ്റ്റേഷന് തെക്ക്  ഭാഗത്ത് കെപി റോഡിലെ റെയില്‍വേ മേല്‍പ്പാലത്തിന് അടുത്ത് സിഗ്‌നലിനോട് ചേര്‍ന്നുളള ട്രാക്കിലാണ് എണ്‍പത് കിലോയോളം തൂക്കമുളള പഴയ പാളത്തിന്റെ ഭാഗം കണ്ടെത്തിയത്. റെയില്‍വേ  കീമാന്‍ പാളം പരിശോധിച്ച് നടന്നു  വരുന്നതിനിടയിലാണ് ട്രാക്കിന് കുറുകെ അപകടകരമായ നിലയില്‍ പാളം കിടക്കുന്നത് കണ്ടത്.

ഉടന്‍തന്നെ സ്റ്റേഷനില്‍ അറിയിച്ചു.  ഇതേ തുടര്‍ന്ന് ഉടന്‍ തന്നെ ആര്‍പിഎഫ് -സിഐ അനില്‍കുമാര്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ശ്രീനിവാസന്‍ എന്നിവര്‍ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി ട്രെയിന്‍ ഗതാഗതത്തിന് തടസ്സമില്ലെന്നറിയിച്ചതിന് ശേഷമാണ് ട്രെയിനുകള്‍ അതേ ട്രാക്കിലൂടെ കടത്തി വിട്ടത്. പിന്നീട് അസി. കമ്മീഷണര്‍ ടി.എസ്. ഗോപകുമറിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നിന്ന് ഡോഗ് സ്‌ക്വാഡ് ഉള്‍പ്പെടെയുള്ളവര്‍  പരിശോധന നടത്തി.

സംഭവ സ്ഥലത്ത് നിന്ന് മണംപിടിച്ച നായ അഞ്ഞൂറ് മീറ്റര്‍ അകലെയുള്ള  കളള്ഷാപ്പിന് സമീപമെത്തി നില്‍ക്കുകയായിരുന്നു. ലോക്കല്‍ പോലീസും ആര്‍പിഎഫിന്റെ ഇന്‍ലിജന്‍സ് വിഭാഗമുള്‍പ്പെടെയുള്ളവരും നായ നിന്ന സ്ഥലം കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. എന്നാല്‍ സൂചനകള്‍ ഒന്നും ലഭിച്ചില്ല. സംഭവം മോഷണ ശ്രമമാണെന്ന് സംശയിക്കുന്നതായി അസി. കമ്മീഷണര്‍ പറഞ്ഞു. 

ഒരാഴ്ച മുമ്പ് കാക്കനാട് വലിയതറ ലെവല്‍ക്രോസിന് സമീപം നിര്‍ത്തിയിട്ടിരുന്ന ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ഷന്‍ വാഗണ്‍ കുത്തിത്തുറന്ന് എട്ടുകിലോ തൂക്കമുളള ചെമ്പ് കേബിളുകളും സാധാരണ കേബിളും ഫൈബര്‍ ഹാന്റിലുകളും പാളത്തില്‍ നിരത്തി ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം നടന്നിരുന്നു.  പുലര്‍ച്ചെ 2.40 ന് എത്തിയ മംഗലാപുരം തിരുവനന്തപുരം എക്സ്പ്രസ് ട്രെയിന്‍ മൂന്നാമത്തെ പ്ലാറ്റ്ഫോമിലേക്ക് പ്രവേശിക്കാന്‍ വേഗത കുറച്ച് വന്നതിനാലാണ് വന്‍ദുരന്തം ഒഴിവായത്. 

രണ്ടുമാസത്തിന് മുമ്പ് അമ്പത് കിലോക്ക് മുകളില്‍ ഭാരം വരുന്ന പഴയ സിഗ്‌നല്‍ ബോക്സ് ചേരാവളളി ലെവല്‍ക്രോസിന് സമീപം ട്രാക്കില്‍ വച്ച് അട്ടിമറിക്കാന്‍ ശ്രമം നടന്നിരുന്നു. എന്നാല്‍ ട്രെയിന്‍ കയറി ബോക്സ് തെറിച്ചുപോയതിനാല്‍ ദുരന്തം ഒഴിവാകുകയായിരുന്നു. രണ്ടു സംഭവങ്ങല്‍ക്കും പിന്നിലുളളവര്‍ക്കു വേണ്ടി സിഐയുടെ നേതൃത്വത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും അസി.കമ്മീഷണര്‍ ടി.എസ്. ഗോപകുമാര്‍ പറഞ്ഞു.


 

click me!