
തിരുവനന്തപുരം: കോട്ടയം മാന്നാനം സ്വദേശി കെവിന്റെ മരണവുമായി ബന്ധപ്പെട്ട് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രതയാണ് ഭരണാധികാരികളുടെ ഭാഗത്തു നിന്നുണ്ടാകേണ്ടതെന്ന് സാമൂഹ്യപ്രവര്‍ത്തകന്‍ സണ്ണി എം കപിക്കാട്. കേരളം ആർജ്ജിച്ചെന്ന് പറയുന്ന പ്രബുദ്ധതയെ സംശയിക്കേണ്ട സാഹചര്യമാണ് ഇപ്പോൾ ഉളളതെന്നും സണ്ണി എം കപിക്കാട് അഭിപ്രായപ്പെട്ടു. സണ്ണി എം കപിക്കാട് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പ്രതികരിക്കുന്നു.
ഇത്തരം സംഭവങ്ങൾ അറിയുമ്പോൾ കേരളം പോലെയുള്ള ഒരു സ്ഥലത്താണോ ഇത് സംഭവിക്കുന്നതെന്ന് ചോദിച്ച് മലയാളികൾ ആശ്ചര്യപ്പെടുന്നുണ്ട്. ഇങ്ങനെയുള്ള സംഭവങ്ങൾ കേരളത്തിലും സംഭവിക്കും, സംഭവിക്കുന്നുണ്ട് എന്നാണ് മലയാളികൾ ആദ്യം മനസ്സിലാക്കേണ്ടത്. മനസ്സുതുറന്നു സമ്മതിക്കുക എന്നുള്ളതാണ് ആദ്യത്തെ കാര്യം. കേരളത്തെ സംബന്ധിച്ച് ആദ്യത്തെ കാര്യമൊന്നുമല്ല ഇത്. നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്ന, റിപ്പോർട്ട് ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന ധാരാളം സംഭവങ്ങൾ നമ്മുടെ കൺമുന്നിലുണ്ട്. ജാതീയമായ അതിക്രമങ്ങളും ദുരഭിമാനക്കൊലകളും കേരളം നേരിട്ടുകൊണ്ടിരിക്കുകയാണ്. ആ പട്ടികയിലെ അവസാനത്തെ സംഭവമാണ് കെവിന്റെ കൊലപാതകം. ദളിത് ക്രൈസ്തവ വിഭാഗത്തിൽപ്പെട്ട ചെറുപ്പക്കാരനാണ് കെവിൻ. അതുകൊണ്ടാണ് ഇത്രയും ക്രൂരമായ അതിക്രമത്തിന് അയാൾ വിധേയനായതും കൊല്ലപ്പെട്ടതും. മീഡിയേറ്റർ പോലുമില്ലാതെ ഒരു കൂട്ടം ആളുകൾ വീട്ടിലെത്തുന്നു, സംഘം ചേരുന്നു, അയാളെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോകുന്നു. രണ്ടു ദിവസമായി ഈ നാടകം കോട്ടയത്ത് നടക്കുന്നുവെന്നും സണ്ണി എം കപിക്കാട് പറഞ്ഞു.
വീട്ടിൽ നിന്നു വിളിച്ചിറക്കി തട്ടിക്കൊണ്ടുപോകുകയായിരുന്നു കെവിനെ. കെവിനെ കാണാനില്ലെന്ന് പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയ അവന്റെ അച്ഛനെയും ഭാര്യയെയും പൊലീസ് മൈൻഡ് ചെയ്യാൻ പോലും തയ്യാറായില്ല. മാത്രമല്ല ആ സമയത്ത് അവർ തട്ടിക്കൊണ്ടു പോയവരുമായി ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. കെവിന്റെ അമ്മാവന്റെ മകനെ പത്തനാപുരം വരെ കൊണ്ടുപോയതിന് ശേഷം തിരികെ വിടുകയാണ് അക്രമി സംഘം ചെയ്തത്. അതായത് കുറ്റവാളി സംഘം പോലെയാണ് പൊലീസ് പെരുമാറിയത്. ഇത് ആദ്യത്തെ സംഭവമല്ല, ദളിത് വിഭാഗത്തിൽപ്പെട്ടവർ പൊലീസ് സ്റ്റേഷനിൽ നീതിക്കായി ചെന്നാൽ അവരെ അംഗീകരിക്കുകയോ അവർക്ക് ആവശ്യമായ നീതി ലഭ്യമാക്കുകയോ ചെയ്യുന്ന മനോഭാവമല്ല പൊലീസിന്റേതെന്നും സണ്ണി എം കപിക്കാട് ആരോപിക്കുന്നു.
ഇതൊരു ദുരഭിമാനക്കൊലയാണെന്ന് കേരളം തുറന്നു സമ്മതിക്കുക എന്നതാണ് ആദ്യത്തെ കാര്യം. ഇത്തരം വസ്തുതകൾ സമൂഹത്തിൽ ഇപ്പോഴും പ്രബലമാണെന്ന് തിരിച്ചറിയേണ്ടതാവശ്യമാണ്. സമൂഹം തുറന്ന ചർച്ചയിലേക്കെത്തണം. എന്നിട്ട് ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലുകൾ എന്തൊക്കെയാണെന്ന് കണ്ടെത്തണം. അക്രമണം നടന്ന് ആൾ കൊല്ലപ്പെട്ടതിന് ശേഷം രണ്ട് പൊലീസുകാരെ സസ്പെൻഡ് ചെയ്തിട്ട് കാര്യമില്ലല്ലോ. എന്ത് ജാഗ്രതയാണ് ഇതിനെതിരെ സ്വീകരിക്കേണ്ടതെന്ന കാര്യത്തിലേക്കാണ് ചർച്ച പോകേണ്ടത്. തുറന്നു സമ്മതിച്ച് ചർച്ച ചെയ്യണം എന്നതാണ് പ്രധാനമെന്നും സണ്ണി എം കപിക്കാട് ചൂണ്ടിക്കാണിച്ചു.
മലപ്പുറത്തെ ആതിരയുടെ കൊലപാതകവും ദുരഭിമാനക്കൊലയായിരുന്നു. ഇതേ സംഭവം തന്നെയാണ് കെവിന്റെ കാര്യത്തിൽ സംഭവിച്ചതും. ക്രിസ്ത്യാനികൾക്കിടയിലും ജാതീയമായ വേർതിരിവുകളുണ്ട്. ക്രൈസ്തവരിൽ ദളിത് ക്രൈസ്തവർ എന്ന പദം തന്നെയുണ്ടായത് ജാതിയുടെ ഭാഗമായിട്ടാണ്. ജാതീയമായ ഇത്തരം സംഭവങ്ങൾക്കെതിരെ ജാഗ്രതയായിരിക്കാൻ എന്തു ചെയ്യണമെന്നാണ് ആലോചിക്കേണ്ടത്. അകപ്പെട്ടിരിക്കുന്ന വലിയൊരു പ്രതിസന്ധി ഘട്ടത്തെക്കുറിച്ച് മലയാളികളെ ബോധ്യപ്പെടുത്തേണ്ട സന്ദർഭമാണിതെന്ന് സണ്ണി എം കപിക്കാട് വിശദമാക്കി.
പൊലീസിന്റെ അനാസ്ഥ എന്ന ഒറ്റവാക്കിൽ ഒതുക്കിക്കളയേണ്ട ഒന്നല്ല ഇത്. പിണറായി വിജയൻ ഭരണാധികാരിയായിരിക്കുന്ന് സമയത്ത് കേരളത്തിലെ പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായ അതിക്രമങ്ങളുടെ ഒരു നീണ്ട നിര തന്നെയുണ്ട്. ഈ അവസ്ഥയിൽ പൊലീസിന്റെ അഡ്മിനിസ്ട്രേഷൻ വിഭാഗം കൃത്യമല്ല എന്ന് നമ്മൾ പറയേണ്ടി വരും. വരാപ്പുഴയിൽ പ്രതിയെന്ന് സംശയിക്കപ്പെട്ട ഒരു ചെറുപ്പക്കാരനെ പിടിച്ചുകൊണ്ടുപോയി അതിനിഷ്ഠൂരമായാണ് പൊലീസ് കൊന്നുകളഞ്ഞത്.
പൊലീസ് സംവിധാനത്തിൽ ഒരു അഡ്മിനിസ്ട്രേഷൻ ഉണ്ടാകുക എന്നതാണ് പ്രധാനം. പൊലീസ് സേനയിൽ എന്താണ് സംഭവിക്കുന്നതെന്ന് അറിയാനുള്ള ഒരു സംവിധാനം ഉണ്ടാകണം. കേരളത്തിലെ പൊലീസ് സേന ഒരു ജീർണ്ണാവസ്ഥയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. പൊലീസ് നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്ന എന്ത് സംവിധാനമാണ് പൊലീസ് സേനയ്ക്കകത്തുള്ളത്? മുഖ്യമന്ത്രി ഇക്കാര്യത്തിൽ കൃത്യമായി ഇടപെടേണ്ടതാവശ്യമാണ്. ഗുരുതരമായ വീഴ്ചയാണ് പൊലീസിന്റെ പക്ഷത്ത് നിന്ന് സംഭവിച്ചിട്ടുള്ളത്. ഈ വിഷയത്തിൽ ഒരു പരിഹാരം ഉണ്ടാകുന്ന വിധത്തിലുള്ള ഇടപെടലാണ് ഭരണാധികാരികൾ കാണിക്കേണ്ടത്. കേരളത്തിൽ ജാതിയുണ്ടെന്നും അതിന്റെ പ്രശ്നങ്ങൾ അതിഭയങ്കരമാണെന്നും മനസ്സിലാക്കി തുറന്നു സമ്മതിച്ച് ചർച്ച ചെയ്യണമെന്നും സണ്ണി എം കപിക്കാട് ആവശ്യപ്പെടുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam