Latest Videos

ഒറ്റയ്ക്ക് താമസിക്കുന്ന റിട്ട.അദ്ധ്യാപികയെ ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങളും പണവും കവർന്നു

By web deskFirst Published Jun 12, 2018, 5:02 PM IST
Highlights
  • കഴുത്തിലണിഞ്ഞിരുന്ന ഒമ്പത് പവൻ തൂക്കം വരുന്ന മാലയും വളകളും കമ്മലും അയാള്‍ ഊരിവാങ്ങി. ​

കാസർകോട് :  ഒറ്റയ്ക്ക് താമസിക്കുന്ന റിട്ട.അദ്ധ്യാപികയെ ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങളും പണവും കവർന്നു. കാസർഗോഡ് കാഞ്ഞങ്ങാട് വെള്ളിക്കോത്തെ റിട്ടയേർഡ് അധ്യാപിക ഓമനയുടെ വീട്ടിലാണ് കവർച്ച നടന്നത്. ഇന്നലെ രാത്രി ഒരുമണിയോടെയാണ് സംഭവം. രാത്രി വീടിന് പുറത്ത് നിന്നും ശബ്ദം കേട്ടിരുന്നു.  ചെറിയ മഴയും ഇടിയുമുള്ളതിനാൽ അതായിരിക്കുമെന്നാണ് കരുതിയത്.  എന്നാല്‍ വീണ്ടും വലിയ ശബ്ദം കേട്ടതോടെ കിടപ്പ് മുറിയുടെ വാതിൽ തുറന്ന് പുറത്തിങ്ങുകയായിരുന്നു. ഈ സമയം മോഷ്ടാവ് റൂമിനകത്തേക്ക് കടന്നു.

നല്ല ഉയരമുള്ള ഇയാള്‍ മുഖം തുണികെട്ടി മറച്ചിരുന്നു. നന്നായി മലയാളം സംസാരിച്ചിരുന്നു. തന്‍റെ വായ് പൊത്താനായി ഇയാള്‍ തലയിണയെടുത്തപ്പോള്‍ എന്താണ് വേണ്ടതെന്ന് ചോദിച്ചെന്ന് ഓമന ടീച്ചർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കഴുത്തിലണിഞ്ഞിരുന്ന ഒമ്പത് പവൻ തൂക്കം വരുന്ന മാലയും വളകളും കമ്മലും അയാള്‍ ഊരിവാങ്ങി. ഇത് ഒമ്പത് പവനോളം വരും. തുടർന്ന് അലമാരയിലുണ്ടായിരുന്ന ആയിരം രൂപയും ഇല്ക്ട്രിക് ടോർച്ചും  ഇയാള്‍ എടുത്തെന്നും ഓമന പറഞ്ഞു. വീടിന്‍റെ തൊട്ടടുത്ത്  മറ്റ് വീടുണ്ടെങ്കിലും നാലുകെട്ടുള്ള വീട്ടില്‍ നിന്ന് പുറത്തേക്ക് യാതൊരു ശബ്ദവും കേള്‍ക്കാത്ത അവസ്ഥയായിരുന്നു. മഴയുണ്ടായിരുന്നതിനാല്‍ വീട്ടില്‍ നടന്ന സംഭവം അയല്‍വാസികളും അറിഞ്ഞില്ല. 

വർഷങ്ങളായി ഈ വീട്ടിൽ ഓമന മാത്രമാണ് താമസിക്കുന്നത്. മൂന്ന് ആൺ മക്കളിൽ രണ്ടുപേർ തളിപ്പറമ്പിലും കണ്ണൂരിലുമാണ് താമസം. തോട്ടടുത്ത വീട്ടിൽ താമസിക്കുന്ന മകനും വീട്ടിലുണ്ടായിരുന്നില്ല. സംഭവം നടന്ന് രണ്ട് മണിക്കൂറിന് ശേഷം മകനെ ഫോണിൽ വിളിച്ച് വിവരം അറിയിച്ചു. മകനറിയിച്ചതിനെ തുടർന്നാണ് പൊലീസ് വീട്ടിലെത്തിയത്. വിരലടയാള വിദഗ്ദരും ഫോറൻസിക് സംഘവും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.

click me!