
അഞ്ച് ദിവസമായിട്ടും കാണാതായ വിമാനത്തെപ്പറ്റി സൂചനകളൊന്നും ലഭിക്കാത്ത സാഹചര്യത്തില്‍ തെരച്ചില്‍ കടലിന്റെ അടിത്തട്ടിലേക്ക് കൂടി വ്യാപിപ്പിയ്‌ക്കാന്‍ നാവികസേനയുടെ സാഗര്‍ നിധി എന്ന അത്യാധുനിക സൗകര്യങ്ങളുള്ള കപ്പല്‍ മൗറീഷ്യസില്‍ നിന്ന് ബംഗാള്‍ ഉള്‍ക്കടലിലേയ്‌ക്ക് തിരിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ വെച്ച് കാണാതായ എ.എന്‍ 32 വിമാനത്തിനു വേണ്ടിയുള്ള തെരച്ചില്‍ അഞ്ചാം ദിവസവും തുടരുന്നതിനിടെയാണ് ബംഗാള്‍ ഉള്‍ക്കടലില്‍ ഓറഞ്ച് നിറത്തിലുള്ള ചില വസ്തുക്കള്‍ സംയുക്ത തെരച്ചില്‍ സംഘം കണ്ടെത്തിയത്. വിമാനത്തിന്‍റെ അവശിഷ്‌ടങ്ങളെന്ന് തോന്നിയ്‌ക്കുന്ന തരത്തിലുള്ള ഡ്രം പോലുള്ള ചില വസ്തുക്കള്‍ സമുദ്രോപരിതലത്തില്‍ പൊങ്ങിക്കിടക്കുന്നതായി ഐഎസ്ആര്‍ഒയുടെ റിസാറ്റ് എന്ന ഭൂതലനിരീക്ഷണ ഉപഗ്രഹത്തില്‍ നിന്ന് ലഭിച്ച ചിത്രങ്ങളില്‍ വ്യക്തമായിരുന്നു. തുടര്‍ന്ന് ഈ പ്രദേശത്തേയ്‌ക്ക് തെരച്ചില്‍ കേന്ദ്രീകരിയ്‌ക്കാന്‍ തെരച്ചില്‍ സംഘം തീരുമാനിച്ചു. ഇതിന് ശേഷമാണ് ഈ അവശിഷ്‌ടങ്ങളും കാണാതായ വിമാനത്തിന്റേതല്ലെന്ന് വ്യക്തമായത്. നേരത്തേ രണ്ട് തവണ കടലില്‍ നിന്ന് കണ്ടെത്തിയ ലോഹാവശിഷ്‌ടങ്ങളും മറ്റും പിന്നീട് എ.എന്‍ 32 വിമാനത്തിന്‍റേതല്ലെന്ന് തെളിഞ്ഞിരുന്നു. രണ്ട് ലക്ഷം ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവില്‍ സമുദ്രോപരിതലത്തിലാണ് ഇപ്പോള്‍ സൈന്യം തെരച്ചില്‍ നടത്തി വരുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam