ഉജ്ജ്വലം ഈ ബാല്യം;  ആസിമിന് ഇനിയും പഠിക്കണം

By web deskFirst Published Jan 29, 2018, 6:55 PM IST
Highlights

കോഴിക്കോട്:   ഏഴ് വര്‍ഷം മുമ്പുള്ള ഒരു ജൂണ്‍ മാസം ഒന്നാം തിയതിയാണ് ഓമശേരി വെളിമണ്ണ ആലത്തുകാവില്‍ മുഹമ്മദ് സെയ്ദ് ജഷീന ദമ്പതികളുടെ നാലുമക്കളില്‍ മൂത്തയാളായ ആസിം ഉപ്പയുടെ കൂടെ വീടിന് തൊട്ടടുത്തുള്ള ഓമശ്ശേരി വെളിമണ്ണ എല്‍പി സ്‌കൂളിലേക്ക് ആദ്യമായി എത്തുന്നത്. അവന്റെ പേര് രജിസ്റ്ററില്‍ ചേര്‍ക്കണമെന്നേ ഉപ്പയ്ക്കും ഉമ്മയ്ക്കും ആഗ്രഹമുണ്ടായിരുന്നൊള്ളൂ. കാരണം ആസിമിന് ഒറ്റയ്ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. ജന്മനാ ഇരുകൈകളും ഒരു കാലിന് ശേഷിക്കുറവും ആസിമിന്റെ ദൈന്യംദിന കാര്യങ്ങള്‍ ചെയ്യാന്‍ പോവും ബുദ്ധിമുട്ടുണ്ടാക്കുകയായിരുന്നു. അതിനിടയില്‍ ഏങ്ങനെ സ്‌കൂളിലെത്തി പഠിക്കും എന്നതിനെക്കുറിച്ച് ആലോചിക്കാന്‍ പോലും അവര്‍ക്ക് കഴിഞ്ഞിരുന്നില്ല. അതിനാല്‍ പേര് ചേര്‍ത്താല്‍ മാത്രം മതിയെന്ന് സ്‌കൂളിലെ  പ്രധാനാദ്ധ്യാപകനോട് പറഞ്ഞു. പക്ഷേ പള്ളിക്കൂടത്തിന്റെ പടികടന്ന ആസിം,  എന്നും സ്‌കൂളില്‍ വരണം, കൂട്ടുകാരോടൊപ്പം പഠിക്കണം എന്നാഗ്രഹിച്ചു.  

ആഗ്രഹങ്ങള്‍ക്ക് ചിറകു വിരിക്കുന്നു

അവന്റെ ആഗ്രഹത്തിന് ആ ചെറിയ സ്‌കൂളിലെ വിശാലമനസ്‌കരായ അദ്ധ്യാപകര്‍ ഒപ്പം നിന്നു. ആസിമിന്റെ പരാധീനതകളെ മറികടക്കുന്ന സ്‌നേഹ ബന്ധങ്ങള്‍ രൂപപ്പെടുകയായിരുന്നു അവിടെ. അവന്‍ കൂട്ടുകാരോടൊപ്പം വരച്ചു, പാടി... ഒരു സാധാരണ കുട്ടിയില്‍ നിന്നും ശാരീരിക പരാധീനതകള്‍ ഏറെയുള്ള ആസിം അങ്ങനെ ആ സ്‌കൂളിന്റെ കണ്ണിലുണ്ണിയായി. സ്‌കൂളിലെ അദ്ധ്യാപകരുടെയും ബിആര്‍സി ട്രെയ്‌നര്‍മാരും ആസിമിന്റെ വീട്ടിലെത്തി കാലുകൊണ്ട് എഴുതാനും വരക്കാനുമെല്ലാം പഠിപ്പിച്ചു. 

കാലം കടന്നുപോയി. ആസിം മൂന്നാം ക്ലാസിലെത്തി. അടുത്ത വര്‍ഷം നാലില്‍. പക്ഷേ യുപി ക്ലാസുകള്‍ മാത്രമുള്ള ഓമശ്ശേരി വെളിമണ്ണ സ്‌കൂളിനെ വിട്ടു പോകാന്‍ ആസിമിന് കഴിയില്ലായിരുന്നു. തനിക്ക് വാരിക്കോരി സ്‌നേഹം തന്ന സ്‌കൂളിന് വേണ്ടി ആസിം അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കണ്ടു. തന്റെ പരാധീനതകള്‍ ബോധിപ്പിച്ചു. പഠിക്കണം പക്ഷേ, ഈ അവസ്ഥയില്‍ ദൂരെ പോയി പഠിക്കാന്‍ കഴിയില്ല. തന്റെ പ്രീയപ്പെട്ട സ്‌കൂളിലെ യുപി സ്‌കൂളായി ഉയര്‍ത്തണം ആസിം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. 

ആസിമിന്റെ ആവശ്യം അംഗീകരിച്ച സര്‍ക്കാര്‍ ഓമശ്ശേരി വെളിമണ്ണ എല്‍പി സ്‌കൂളിനെ യുപി സ്‌കൂളായി ഉയര്‍ത്തി. ആസിം തന്റെ കൂട്ടുകാരോടൊത്ത് കളിയും പഠനവും തുടര്‍ന്നു. ഇന്ന് ആസിം ഏഴില്‍ പഠിക്കുന്നു. അടുത്ത വര്‍ഷം എട്ടാം ക്ലാസിലാണ്. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥി. പക്ഷേ വെളിമണ്ണ സ്‌കൂള്‍ ഇപ്പോഴും യുപി സ്‌കൂളാണ്. തന്നോടൊപ്പം തന്റെ സ്‌കൂളും വളരണമെന്നാണ് ഇപ്പോള്‍ ആസിമിന്റെ ആഗ്രഹം. ആസിം മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതി കാത്തിരിക്കുകയാണ്. താന്‍ എട്ടിലേക്ക് കടക്കുമ്പോള്‍, തന്നെ കാത്ത് ഒളവണ്ണ സ്‌കൂളില്‍ എട്ടാം ക്ലാസിന്റെ വാതില്‍ തുറക്കണം.

90 ഓളം വര്‍ഷം മുമ്പ് ആരംഭിച്ച വെളിമണ്ണ എല്‍പി സ്‌കൂള്‍, യുപി സ്‌കൂളായി അപ്‌ഗ്രേഡ് ചെയ്യാന്‍ മുന്നിട്ടിറങ്ങിയത് വൈകല്യത്തെ തന്റെ ഇച്ഛാശക്തി കൊണ്ട് തോല്പിച്ച ഈ മിടുക്കന്‍ ഇന്ന് നാടിന്റെ ഓമനയാണ്. നാടിന്റെ ആവശ്യം യാഥാര്‍ത്ഥ്യമാക്കാനായി ആസിം ഇപ്പോഴും എഴുതുകയാണ്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ജനപ്രതിനിധികള്‍ക്കും അവന്‍ കാലുകൊണ്ട് കത്തെഴുതിക്കൊണ്ടിരിക്കുകയാണ്.

ഉജ്ജ്വലം ഈ ബാല്യം

വെള്ളിമണ്ണ ജിഎംയുപി സ്‌കൂളിന്റെയും നാടിന്റെയും അക്ഷര ദീപമായ ആസിമിനെ തേടി വനിതാ ശിശുവികസന വകുപ്പിന്റെ ഉജ്ജ്വല ബാല്യം പുരസ്‌കാരം ഇത്തവണയെത്തിയിരിക്കുകയാണ്. കലാ, കായിക, സാഹിത്യം, ശാസ്ത്ര-സാമൂഹിക മേഖലകളില്‍ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന അഞ്ചിനും പത്തിനെട്ടിനും ഇടയിലുള്ള കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ പുരസ്‌കാരം നല്‍കുന്നത്. 90 ഓളം വര്‍ഷം പഴക്കമുളള വെളിമണ്ണ എല്‍പി സ്‌കൂള്‍, യുപി സ്‌കൂളായി അപ്‌ഗ്രേഡ് ചെയ്യാന്‍ മുന്നിട്ടിറങ്ങിയതിനും സ്വന്തം വൈകല്യത്തെ പരാജയപ്പെടുത്തി സാമൂഹ്യ പ്രവര്‍ത്തന മേഖലയില്‍ നിസ്തുലമായ സംഭാവനകള്‍ നല്‍കിയതുമാണ് ആസിമിനെ അവാര്‍ഡിന് അര്‍ഹമാക്കിയത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി പി.കെ. ശൈലജയില്‍ നിന്നും ഉജ്ജ്വല ബാല്യം പുരസ്‌കാരം ഏറ്റുവാങ്ങിയപ്പോയും തന്റെ ഈ ആവശ്യമാണ് മന്ത്രിയോട് പറഞ്ഞത്.

വനിതാ ശിശുവികസന വകുപ്പിന്റെ ഉജ്ജ്വല ബാല്യം പുരസ്‌കാരം മുഹമ്മദ് ആസിം മന്ത്രി പി.കെ.ശൈലജയില്‍ നിന്നും ഏറ്റുവാങ്ങുന്നു.

 

 

 

click me!