
തിരുവനന്തപുരം: രാജ്യത്തെ ജി.എസ്.ടി നടപ്പാക്കലിന് ഇന്ന് ഒരു വര്‍ഷം തികയുകയാണ്. എന്നാല്‍ ജി.എസ്.ടി സംസ്ഥാനത്തിന്‍റെ നികുതി വരുമാനത്തില്‍ വന്‍ ചോര്‍ച്ചയാണ് സംഭവിപ്പിച്ചതെന്ന് ധനമന്ത്രി തോമസ് ഐസക് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പിരിച്ചെടുക്കേണ്ട നികുതിയില്‍ പകുതിയോളം ചോരുന്നതായാണ് അദ്ദേഹത്തിന്‍റെ വിലയിരുത്തല്‍.
2016-17ല്‍ സംസ്ഥാനത്തിന്‍റെ നികുതി വരുമാനം 34,038 കോടി രൂപ. 20 ശതമാനം നികുതി വര്‍ദ്ധിക്കുന്നതോടെ നികുതി വരുമാനം 41000 കോടിയില്‍ എത്തുമെന്നായിരുന്നു ധന വകുപ്പിന്‍റെ പ്രതീക്ഷ. എന്നാല്‍ ആദ്യ വര്‍ഷം പിന്നടുമ്പോള്‍ നികുതി വരുമാനത്തില്‍ മൂവായിരം കോടിയിലേറെ രൂപയുടെ കുറവാണുള്ളത്. ജിഎസ്‍ടി വരുമാനത്തില്‍ വികസന സ്വപ്നങ്ങള്‍ നെയ്ത ധന വകുപ്പിന്‍റെ പ്രതീക്ഷകള്‍ പാടെ പാളി. ഇപ്പോള്‍ കേന്ദ്രം ഉറപ്പ് നല്‍കുന്ന 14 ശതമാനം നഷ്ടപരിഹാരത്തിലാണ് കേരളത്തിന്‍റെ പ്രതീക്ഷ.
നികുതി വെട്ടിപ്പ് ശ്രദ്ധയില്‍ പെട്ടാല്‍ സ്പെഷ്യല്‍ ഓഡിറ്റ് നടത്താന്‍ ജിഎസ്‍ടി നിയമത്തില്‍ വ്യവസ്ഥയുണ്ട്. വെട്ടിപ്പ് നടത്തുന്നയിടങ്ങളില്‍ വീണ്ടും പരിശോധന നടത്തുന്നതാണ് രീതി. ചെക്പോസ്റ്റുകള്‍ ഇല്ലാതായതോടെ നിര്‍മാണ സാമഗ്രികളടക്കം പരിശോധനയില്ലാതെ എത്തുമ്പോഴും ഈ ദിശയില്‍ നടപടി തുടങ്ങിയിട്ടില്ല. സ്ക്വാഡുകള്‍ പേരിനു നടത്തുന്ന റെയ്ഡുകള്‍ മാത്രം. കോഴിയിറച്ചി മുതല്‍ ഹോട്ടല്‍ ഭക്ഷണംവരെയുളള മേഖലകളിലും ചൂഷണം തുടരുന്നു. ചുരുക്കത്തില്‍, ജിഎസ്ടി വഴി ഏറെ നേട്ടം പ്രതീക്ഷിച്ച സംസ്ഥാനത്തിന് ആദ്യ വര്‍ഷം പറയാനുളളത് നഷ്ടക്കണക്കുകള്‍ മാത്രമാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam