
വാളയാറില്‍ പതിനാറുകാരിയെ ലൈംഗികമായി ചൂഷണം ചെയ്ത മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ അമ്മയുടെ സഹായികളും കുട്ടിയുടെ സുഹൃത്തും ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയുടെ മരണത്തിന് ഉത്തരവാദികള്‍ ഇവര്‍ മൂന്നുപേരുമാണെന്ന് പോലീസ് വ്യക്തമാക്കി.
വാളയാര്‍ കനാല്‍പിരിവ് സ്വദേശി ജയപ്രകാശ്, ഓട്ടോഡ്രൈവറായ വെട്ടികാട്ടില്‍ മുഹമ്മദാലി, ചുള്ളിമട ഇഞ്ചിത്തോട്ടം സ്വദേശി വിപിന്‍ എന്നിവരെയാണ് വാളയാര്‍ പോലീസ് അറസ്റ്റ് ചെയ്തത്. മരിച്ച പെണ്‍കുട്ടിയുടെ അയല്‍വാസികളാണ് ജയപ്രകാശും മുഹമ്മദാലിയും. കുട്ടിയുടെ അമ്മയുടെ സുഹൃത്തുക്കളും സഹായികളും ആയിരുന്നു ഇരുവരും. അറസ്റ്റിലായ വിപിന്‍ പെണ്‍കുട്ടിയുടെ സുഹൃത്താണ്. ഇവര്‍ മൂവരും പെണ്‍കുട്ടിയെ ശാരീരികമായി ചൂഷണം ചെയ്തിരുന്നെന്നും, നിരവധിത്തവണ പീഡിപ്പിച്ചിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തി. എന്നാല്‍ മകള്‍ ഒരിക്കല്‍ പോലും പീഡനവിവരം പുറത്തുപറഞ്ഞില്ലെന്നാണ് കുട്ടിയുടെ അമ്മ പറയുന്നത്.
ഇക്കഴിഞ്ഞ ഏപ്രില്‍ മൂന്നിനാണ് വീട്ടിലാരും ഇല്ലാത്ത സമയം, പെണ്‍കുട്ടി കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചത്. കുട്ടിയുടെ ഇളയ സഹോദരനാണ് അയല്‍വാസികളെ വിവരം അറിയിച്ചതും തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചതും. കോഴിപ്പാറ ഗവ. സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിക്ക് അറസ്റ്റിലായ വിപിനുമായി സൗഹൃദം ഉണ്ടായിരുന്നുവെന്നും പക്ഷേ ആത്മഹത്യയിലേക്ക് നയിക്കത്തക്ക പ്രശ്‌നങ്ങള്‍ ഉള്ളതായി അറിവില്ലെന്നും അടുത്ത ബന്ധുക്കള്‍ പറഞ്ഞു.
കുട്ടിയുടെ അച്ഛന്‍ അഞ്ച് വര്‍ഷം മുമ്പ് ക്യാന്‍സര്‍ ബാധിച്ച് മരിച്ചിരുന്നു. പിന്നീട് വീട്ടില്‍ സഹായത്തിന് ആശ്രയിച്ചിരുന്നവര്‍ ആണ് ഇപ്പോള്‍ അറസ്റ്റിലായ ജയപ്രകാശും മുഹമ്മദാലിയും. ഇതിനിടെ കുട്ടികളില്‍ ആത്മഹത്യ കൂടുന്നത് ഗൗരവമേറിയ വിഷയമെന്നും ഇത് നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സാധ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. പാലക്കാട് കസബ സിഐയുടെയും വാളയാര്‍ എസ്‌ഐ യുടെയും നേതൃത്വത്തിലാണ് കേസിന്റെ അന്വേഷണം നടക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam