നിരോധനം ലംഘിച്ച് കൊല്ലത്ത് മത്സരവെടിക്കെട്ട്; മൂന്ന് പേര്‍ക്ക് പരിക്ക്, 22 പേര്‍ കസ്റ്റഡിയില്‍

By Web DeskFirst Published Mar 25, 2017, 8:59 AM IST
Highlights

കൊല്ലം: പുറ്റിങ്ങള്‍ ദുരന്തം കഴിഞ്ഞ് ഒരു വര്‍ഷം പിന്നിടുമ്പോഴേക്കും നിരോഘനം ലംഘിച്ച് കൊല്ലത്ത് വീണ്ടും മത്സര വെടിക്കെട്ട്. മലനട ദുര്യോധന ക്ഷേത്രത്തിലാണ് ഇന്ന് പുലര്‍ച്ചെ മത്സരക്കമ്പം നടന്നത്. വെടിക്കെട്ടിനിടെയുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ക്ഷേത്രം ഭാരവാഹികളായ 22 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മത്സര വെടിക്കെട്ട് നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. 

കഴിഞ്ഞ വര്‍ഷം നടന്ന പുറ്റിങ്ങല്‍ ദുരന്തത്തില്‍ 118 പേരാണ് കൊല്ലം ജില്ലയിലെ പരവൂരില്‍ മരിച്ചത്. ഇതിന് ശേഷം ജില്ലയില്‍ മത്സരക്കമ്പം നടത്തുന്നതിന് ജില്ലാ കളക്ടര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. വെടിക്കെട്ടിന് അനുമതി തേടി ഒരു മാസം മുമ്പ് ക്ഷേത്രം ഭാരവാഹികള്‍ ജില്ലാ കളക്ടറെ സമീപിച്ചു. അപേക്ഷ നിരസിച്ച കളക്ടര്‍, മത്സരക്കമ്പത്തിനെന്നല്ല ഒരു തരത്തിലുമുള്ള വെടിക്കെട്ട് നടത്താനും അനുമതി നല്‍കിയില്ല. ഇന്ന് രാവിലെ പുലര്‍ച്ചെ നാല് മണിയോടെ ചൈനീസ് പടക്കങ്ങള്‍ ഉപയോഗിച്ച് മത്സരക്കമ്പം നടത്തിയെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. വെടിക്കെട്ട് നടത്തരുതെന്ന് കാണിച്ച് പൊലീസ് ക്ഷേത്രം ഭാരവാഹികള്‍ക്ക് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. ഇത് ലംഘിച്ച 22 ഭാരവാഹികളെ ശൂരനാട് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൂന്ന് പേര്‍ക്ക് വെടിക്കെട്ടിനിടെ പരിക്കേല്‍ക്കുകയും ചെയ്തു. രണ്ട് പേര്‍ക്ക് കൈയ്ക്കും ഒരാളിന് കാലിനുമാണ് പരിക്കേറ്റത്.

രണ്ട് ഭാഗമായി തിരിഞ്ഞ് മത്സരക്കമ്പം തന്നെയാണ് നടത്തിയതെന്ന് പൊലീസ് അറിയിച്ചു. ആ സമയത്ത് ഇത് തടയാനും പൊലീസിന് കഴിഞ്ഞില്ല. 1990ല്‍ ഈ ക്ഷേത്രത്തില്‍ നടന്ന മത്സരക്കമ്പത്തിനിടെ വലിയ അപകടം നടന്നിരുന്നു.അന്ന് 26 പേര്‍ക്കാണ് പരിക്കേറ്റത്. എന്നാല്‍ ഈ ദുരന്തത്തിന് ശേഷം ക്ഷേത്രത്തില്‍ മത്സരക്കമ്പം നടത്തിയിട്ടില്ലെന്നും ക്ഷേത്രവുമായി ബന്ധമില്ലാത്ത ചിലര്‍ ക്ഷേത്രത്തില്‍ നിന്നും അകലെ വെടിക്കെട്ട് നടത്തുകയായിരുന്നു എന്നുമാണ് കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ അറിയിച്ചത്.

click me!