ജംഷഡ്‍പൂര്‍: കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവരെന്ന് ആരോപിച്ച് മൂന്നു മുസ്ലീം പശുക്കച്ചവടക്കാരെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. ഝാര്‍ഖണ്ഡിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്‍റെ വാര്‍ത്ത ടെലിഗ്രാഫ് പത്രമാണ് റിപ്പോര്‍ട്ട് ചെയ്‍തത്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവര്‍ എന്ന പ്രചരണം നടത്തിയാണ് കന്നുകാലി വ്യാപാരികളായ മൂന്നു മുസ്ലീം യുവാക്കളെ നൂറിലേറെ വരുന്ന അക്രമികള്‍ അടിച്ചു കൊന്നത്. ജാംഷഡ്പൂരിനടുത്തുള്ള രാജ്‌നഗറിലെ മാര്‍ക്കറ്റില്‍ നിന്നു കന്നുകാലികളെ വാങ്ങാന്‍ പോകുന്നതിനിടെയാണ് ഷോഭാപൂരിലാണ് സംഭവം. സംഭവത്തില്‍ ഒരാളെ കാണാനില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഷേക്ക് നയിം(35), ഷേക്ക് സജ്ജു(25), ഷേക്ക് സിറാജ്(26) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഷേക്ക് ഹാലിം എന്നയാളെയാണ് കാണാതായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ആള്‍ക്കൂട്ടം അഗ്നിക്ക് ഇരയാക്കി. വ്യാജപ്രചരണം നടത്തിയാണ് ആൾക്കൂട്ട ആക്രമണം നടത്തിയതെന്നാണ് ടെലിഗ്രാഫ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം രാത്രി ഹാല്‍ദിപൊഖാറില്‍ നിന്നും രാജ്‌നഗറിലേക്ക് കന്നുകാലികളെ വാങ്ങാന്‍ പോകുകയായിരുന്നു ഇവര്‍. രാജ്‌നഗറില്‍ നിന്ന് കന്നുകാലികളെ വാങ്ങി ശനിയാഴ്ച ഹാല്‍ദിപൊഖാറില്‍ നടക്കുന്ന ചന്തയില്‍ വില്‍ക്കുകയാണ് പതിവ്. ഇതിനായി കാലികളെ വാങ്ങാനാണു നാലു പേരും രാത്രി കാറില്‍ പുറപ്പെട്ടത്. കാര്‍ ഹെസല്‍ എന്ന ഗ്രാമത്തില്‍ എത്തിയപ്പോള്‍ നൂറോളം പേര്‍ ഇവരെ തടഞ്ഞെങ്കിലും രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ ഇവരെ പിന്തുടര്‍ന്നെത്തിയ അക്രമികള്‍ ധാരു എന്ന ഗ്രാമത്തില്‍വച്ചു കാര്‍ തടഞ്ഞു നിര്‍ത്തി നയിമിനെ പിടിച്ചിറക്കി മര്‍ദ്ദിച്ചു. ഇവിടെ നിന്നു രക്ഷപ്പെട്ട മറ്റു മൂന്നു പേരും ഷോഭാപൂര്‍ ഗ്രാമത്തിലെ ഒരു വീട്ടില്‍ അഭയം തേടിയെങ്കിലും പിന്നാലെയെത്തിയ അക്രമികള്‍ ഇവരെ അടിച്ചു കൊല്ലുകയായിരുന്നു. സെറായ്‌കേല സബ് ഡിവിഷണല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നയീം മരിച്ചു. അതിനിടെ അക്രമകാരികളെ തടയാന്‍ ശ്രമിച്ച രാജ്‌നഗര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ തുലേശ്വര്‍ ഖുശ്‌വാഹയേയും മറ്റ് രണ്ട് പൊലീസുകാരെയും അക്രമികള്‍ മര്‍ദ്ദിച്ചു. കൊല്ലപ്പെട്ടവര്‍ സഞ്ചരിച്ച കാറിനൊപ്പം പൊലീസ് ജീപ്പും അക്രമികള്‍ അഗ്നിക്കിരയാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam