ഗുല്‍ബര്‍ഗ റാഗിങ്: മൂന്ന് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

By Web DeskFirst Published Jun 24, 2016, 5:45 PM IST
Highlights

ഗുല്‍ബര്‍ഗയിലെ അല്‍ ഖമര്‍ നഴ്സിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മലയാളി വിദ്യാര്‍ത്ഥിനി റാഗിങിന് ഇരയായ സംഭവത്തില്‍ മൂന്ന് സീനിയര്‍ വിദ്യാര്‍ത്ഥിനികളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശി ലക്ഷ്മി, ഇടുക്കി സ്വദേശി ആതിര, കൃഷ്ണപ്രിയ എന്നിവരാണ് അറസ്റ്റിലായത്. റാഗിങിനിരയായ അശ്വതിയുടെ റൂം മേറ്റിന്റെ മൊഴി അനുസരിച്ചാണ് അല്‍പ്പം മുന്പ് മൂന്ന് പേരെയും ഗുല്‍ബര്‍ഗ്ഗ പൊലീസ് അറസ്റ്റ് ചെയ്തത്. കേസ് അന്വേഷണത്തിന്റെ ഭാഗമായി അശ്വതിയുടെ മൊഴി രേഖപ്പെടുത്താന്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം കേരളത്തിലേക്ക് പുറപ്പെടേണ്ടിയിരുന്നതാണ്. എന്നാല്‍ റാഗിങിന് നേതൃത്വം നല്‍കിയ അഞ്ചംഗ സംഘം ഇന്ന് കേരളത്തില്‍ നിന്ന് ഗുല്‍ബര്‍ഗയിലേക്ക് തിരിച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ ഗുല്‍ബര്‍ഗ്ഗയില്‍ തന്നെ തങ്ങിയത്.

ഇന്ന് രാവിലെ അഞ്ച് വിദ്യാര്‍ത്ഥികള്‍ ഗുല്‍ബര്‍ഗയിലെ ഹോസ്റ്റലിലെത്തിയതായി പൊലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് ഇവരോട് ചോദ്യം ചെയ്യലിനായി എസ് പി ഓഫീസില്‍ ഹാജരാവാന്‍ നിര്‍ദ്ദേശിച്ചു. വൈകുന്നേരം മുതല്‍ നടന്നുവന്ന ചോദ്യം ചെയ്യലിനൊടുവിലാണ് മൂന്ന് വിദ്യാര്‍ത്ഥികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അശ്വതിയോടൊപ്പം കോഴിക്കോട്ടേക്ക് വന്ന സായി നികിത എന്ന വിദ്യാര്‍ത്ഥിയുടെ മൊഴി പ്രകാരമായിരുന്നു അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഇന്നലെയാണ് കേരളാ പൊലീസില്‍ നിന്ന് ലഭിച്ചതെന്ന് ഗുല്‍ബര്‍ഗ്ഗ എസ്.പി ശശി കുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കുറ്റകൃത്യം ഭാഗികമായി ഇവര്‍ സമ്മതിച്ചതായും എസ്.പി പറഞ്ഞു.

കോളേജ് ഹോസ്റ്റലില്‍ റാഗിങിന്റെ ഭാഗമായി ടോയ്‍ലറ്റ് ക്ലീനര്‍ കുടിപ്പിച്ചായിരുന്നു വിദ്യാര്‍ത്ഥിനിയെ ഇവര്‍ പീഡിപ്പിച്ചത്. ഗുരുതരവാസ്ഥയിലായ വിദ്യാര്‍ത്ഥിനി ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

click me!